ലൈഫ് മിഷന്‍ ഇടപാട് : ശിവശങ്കറിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

ശിവശങ്കറിനെ ചോദ്യം ചെയ്യാതെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : ലൈഫ് മിഷന്‍ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് വിജിലന്‍സ് സംഘം ശിവശങ്കറിനെ ചോദ്യം ചെയ്യുക. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്.

കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്താല്‍ അര മണിക്കൂര്‍ ഇടവേള അനുവദിക്കണമെന്ന് കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ശിവശങ്കറിനെ ചോദ്യം ചെയ്യാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.

വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യൂണിടാക്കിന് കരാര്‍ നല്‍കിയത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുത്തത് എം ശിവശങ്കര്‍ ആണെന്ന് ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് നേരത്തെ മൊഴി നല്‍കിയിരുന്നു. കമ്മീഷന്‍ ലഭിച്ച തുക ശിവശങ്കറുമായി പങ്കുവെച്ചുവെന്ന് സ്വപ്‌ന സുരേഷും ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്.

ഇക്കാര്യങ്ങളെപ്പറ്റിയെല്ലാം വിജിലന്‍സ് ശിവശങ്കറിനോട് ചോദിക്കും. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com