എന്തുകൊണ്ട് ആരോപണവിധേയമായ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുന്നില്ല?, തിരുവനന്തപുരത്ത് ആയിരം കോടിയുടെ വര്‍ക്ക് നല്‍കി; തുറന്നടിച്ച് ഉമ്മന്‍ ചാണ്ടി

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ബലിയാടാക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി
എന്തുകൊണ്ട് ആരോപണവിധേയമായ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുന്നില്ല?, തിരുവനന്തപുരത്ത് ആയിരം കോടിയുടെ വര്‍ക്ക് നല്‍കി; തുറന്നടിച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ബലിയാടാക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ജനങ്ങളുടെ മനസില്‍ സംശയം ജനിപ്പിച്ച് അതില്‍ നിന്ന് നേട്ടം ഉണ്ടാക്കാനാണ് ഇടതുപക്ഷ സര്‍്ക്കാര്‍ ശ്രമിക്കുന്നത്. ഇത് തിരിച്ചടിയാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിന്റെ 70 ശതമാനം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നടന്നത്. ബാക്കി 30 ശതമാനം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. മേല്‍പ്പാലം ഭരണനേട്ടമായി പ്രചരിപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. 30 ശതമാനം നിര്‍മ്മാണത്തിലെ അപാകതകളില്‍ ആര് മറുപടി പറയുമെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.

 പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകിയതാണ് അഴിമതി ആരോപണത്തിന്റെ തുടക്കം. പാലത്തിന്റെ കോണ്‍ക്രീറ്റ് പണികളും ടാറിംഗും മറ്റും നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. അങ്ങനെയെങ്കില്‍ ഈ പാലത്തിന്റെ അപാകതകളില്‍ ഇടതുപക്ഷ സര്‍ക്കാരിനും ഉത്തരവാദിത്തമില്ലേ എന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.

മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തു എന്നത് മാത്രമാണ് ഇബ്രാഹിം കുഞ്ഞിന്റെ കുറ്റം. മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തത് കുറ്റമാണെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്തും മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്ത് നിരവധി വര്‍ക്കുകള്‍ നടക്കുന്നുണ്ട്. മൊബിലൈസേഷന്‍ അഡ്വാന്‍സ് പലിശ സഹിതം സര്‍ക്കാരിന് കിട്ടി. മേല്‍പ്പാലം നിര്‍മ്മാണത്തിലെ അപാകതകള്‍ക്ക് കാരണമായ കമ്പനിയെ എന്തുകൊണ്ട് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല എന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. തിരുവനന്തപുരത്ത് മാത്രം ആയിരത്തിലധികം കോടി രൂപയുടെ വര്‍ക്ക് ഈ കമ്പനിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

പാലത്തിന്റെ ബലക്ഷയം തിരിച്ചറിയാന്‍ ഐഐടി ലോഡ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ചെയ്യാന്‍ തയ്യാറാവാതെ അപ്പീല്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com