ഞാന്‍ ആവര്‍ത്തിക്കട്ടെ, കീഴടങ്ങാനല്ല കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്; തോമസ് ഐസക്

ഒരു പൈസ പോലും ഈ വായ്പയെടുക്കുന്നതു തിരിച്ചടയ്ക്കാന്‍ കേരള സര്‍ക്കാര്‍ നല്‍കേണ്ടതില്ല
ഞാന്‍ ആവര്‍ത്തിക്കട്ടെ, കീഴടങ്ങാനല്ല കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്; തോമസ് ഐസക്


ജി എസ് ടി വരുമ്പോള്‍ നമ്മുടെ നികുതി വരുമാനത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാകും എന്ന പ്രതീക്ഷ ഫലവത്തായിട്ടില്ല. ഇതിനു കാരണം വലിയ തോതിലുള്ള നികുതിച്ചോര്‍ച്ചയാണ്. ഒന്ന്, മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും അക്കൗണ്ടില്‍ വരുന്നില്ല. അതിന്റെയൊരു നാലിലൊന്നെങ്കിലും കണക്കില്‍പ്പെടാതെയുള്ള കള്ളക്കടത്തായിട്ടാണ് നടക്കുന്നത്. രണ്ടാമത്, നമ്മുടെ വാര്‍ഷിക റിട്ടേണ്‍ ഇപ്പോള്‍ സമര്‍പ്പിക്കാന്‍ പോകുന്നേയുള്ളു. അതുകൊണ്ട് എല്ലാ കച്ചവടക്കാരും വളരെ ഉയര്‍ന്ന ഇന്‍പുട്ട് ക്രെഡിറ്റ് വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ രണ്ട് കാരണങ്ങള്‍ മൂലമാണ് കേരളത്തിന്റെ നികുതി വരുമാനം പത്തു ശതമാനത്തില്‍ താഴ്ന്നു നില്‍ക്കുന്നത്. എന്നാല്‍ വൈകാതെ രണ്ടു വര്‍ഷത്തെ ജി എസ് ടിയുടെ വാര്‍ഷിക റിട്ടേണുകള്‍ ലഭ്യമാകും. അതുവച്ച് ഇങ്ങനെ അനര്‍ഹമായി എടുത്തിരിക്കുന്ന ഇന്‍പുട്ട് ക്രെഡിറ്റ് തിരിച്ചു പിടിക്കാന്‍ വലിയൊരു യജ്്ഞത്തിനു തന്നെ നികുതി വകുപ്പ് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ചോര്‍ന്നു പോയ പണം പോയി എന്നു കരുതേണ്ട. നല്ല പങ്ക് തിരിച്ചു പിടിക്കും.


നമ്മുടെ പഴയ ചെക് പോസ്റ്റുകള്‍ വഴി കടന്നു വരുന്ന ചരക്ക് ഗതാഗതം മോണിട്ടര്‍ ചെയ്യുന്നതിന് വളരെ വിപുലമായ ഒരു സംവിധാനവും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതുകൂടി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നികുതിച്ചോര്‍ച്ച കുറയ്ക്കാനും നമ്മുടെ നികുതി വരുമാനം കൂട്ടാനും കഴിയും. അതുപോലെ വാറ്റ് കുടിശിക ഈ വര്‍ഷം വിപുലമായ രീതിയില്‍ പിരിക്കാനാണ് പോകുന്നത്. അതുകൊണ്ട് ഈ വര്‍ഷം മുതല്‍ കേരളത്തിന്റെ ധനകാര്യ സ്ഥിതി സുസ്ഥിരമായിത്തീരാന്‍ തുടങ്ങും.


കിഫ്ബി രൂപീകരിച്ചപ്പോള്‍ എടുത്ത തീരുമാനങ്ങള്‍ വളരെ കൃത്യമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതുപോലെയൊരു ധനകാര്യ സ്ഥാപനത്തിന് ഏതാണ്ട് ഒന്നര വര്‍ഷംകൊണ്ട് സമ്പൂര്‍ണ രൂപം നല്‍കിയതുതന്നെ ഏറ്റവും വലിയ നേട്ടമാണ്. കിഫ്ബിയുടെ പണം കൊണ്ട് നടപ്പാക്കേണ്ട പദ്ധതികളില്‍ ഇരുപത്തിയെണ്ണായിരം കോടിയുടേത് ഇപ്പോള്‍ ടെണ്ടര്‍ വിളിക്കാന്‍ തയ്യാറായിക്കുകയോ ടെണ്ടര്‍ വിളിച്ചു കഴിഞ്ഞിരിക്കുകയോ ചെയ്തിരിക്കുന്നു. ബാക്കിയുള്ളവ എല്ലാം ഈ വര്‍ഷം പ്രവര്‍ത്തനപഥത്തിലേക്കു വരും. കേരളത്തില്‍ കാര്യങ്ങള്‍ നടക്കുന്ന സമയം എടുത്തു പരിശോധിക്കുമ്പോള്‍ ഇതു വിസ്മയകരമായ വേഗതയാണ് എന്ന് പറയേണ്ടി വരും. ഇങ്ങനെ നിര്‍മാണം നടന്നു കഴിഞ്ഞ് കരാറുകാര്‍ ബില്ല് തരുമ്പോള്‍ മാത്രമേ പണം സമാഹരിക്കേണ്ടതുള്ളു. നമ്മുടെ അമ്പതിനായിരം കോടി രൂപയും നേരത്തേ തന്നെ സമാഹരിച്ച് ബാങ്കിലിട്ടു കഴിഞ്ഞാല്‍ വലിയ നഷ്ടമാണ് വരിക. ബാങ്കില്‍ നിന്ന് നമുക്ക് ഏഴ്-എട്ട് ശതമാനം പലിശയേ കിട്ടുകയുള്ളു, നമ്മള്‍ ഒമ്പത്- ഒമ്പതര ശതമാനം പലിശ നല്‍കി കടമെടുക്കേണ്ടി വരികയും ചെയ്യും. അതുകൊണ്ട് നിര്‍മാണപ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് കൃത്യമായ ടൈം ടേബിളുണ്ട്. അതനുസരിച്ച് ഓരോ വര്‍ഷ പാദത്തിലും ഇനിയെത്രത്തോളം ബില്ലിന് പണം നല്‍കേണ്ടി വരും എന്ന് കൃത്യമായി അറിയാം. അതനുസരിച്ചാണ് വായ്പ എടുക്കാന്‍ പോകുന്നത്. ഈ വര്‍ഷത്തെ ബില്ലുകള്‍ക്ക് നല്‍കാനുള്ള പണം ഇതിനകം തന്നെ വിവിധ ബാങ്കുകളില്‍ നിന്നും നബാര്‍ഡില്‍ നിന്നുമെല്ലാം ഏര്‍പ്പാടു ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇതിനു പുറമേയാണ് ഇപ്പോള്‍ നമ്മള്‍ അന്തര്‍ദേശീയ വിപണിയില്‍ നിന്ന് ബോണ്ടുകള്‍ വഴി വായ്പ സമാഹരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പല തരത്തിലുള്ള ബോണ്ടുകള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ആദ്യമായിട്ടുള്ള നമ്മുടെ പരിശ്രമം മസാല ബോണ്ട് വഴിയാണ്. കാരണം ഇതാണ് ഏറ്റവും റിസ്‌ക് കുറഞ്ഞ ബോണ്ടുകളിലൊന്ന്. നമ്മള്‍ വിദേശത്തു നിന്ന് എടുക്കുന്ന നിക്ഷേപത്തുക ഭാവിയില്‍ ഇന്ത്യന്‍ രൂപയില്‍ നല്‍കിയാല്‍ മതിയാകും. അതുകൊണ്ട് എക്്സ്ചേഞ്ച് റേറ്റിന്റെ റിസ്‌കില്ല. പക്ഷേ, ഇങ്ങനെ വിദേശ വിപണിയില്‍ നിന്ന് ബോണ്ടുകള്‍ വഴി പണമെടുക്കുക എന്നത് വളരെ സങ്കീര്‍ണമായ പദ്ധതിയാണ്. കിഫ്ബിയെ റേറ്റിംഗിനു വിധേയമാക്കണം. വിദേശ നിക്ഷേപകരുമായി സംസാരിക്കുകയും അവര്‍ക്കിതില്‍ പ്രചാരം നടത്തുകയും വേണം. അതിന്റെ അടിസ്ഥാനത്തിലാണ് അവസാനം ബോണ്ടുകള്‍ ലിസ്റ്റ് ചെയ്ത് അത് വില്‍പനയ്ക്ക് വയ്ക്കുന്നത്. നമക്ക് പരിചയമില്ലാത്ത ഒരു മേഖലയിലേക്ക് വളരെ വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.


ഇനി ഇപ്പോള്‍ നമ്മള്‍ മസാല ബോണ്ടല്ല ഡോളര്‍ ബോണ്ടാണ് പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നത്. അതുകഴിഞ്ഞാല്‍ ചെറുകിട നിക്ഷേപകരായ സാധാരണക്കാര്‍ക്കു കൂടി വാങ്ങാന്‍ കഴിയുന്ന ഡയാസ്പെറ ബോണ്ട് കൂടി ഇറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം എടുത്തിരിക്കുന്നത് രണ്ടായിരം കോടിയുടേതെങ്കില്‍ ഈ വര്‍ഷത്തെ ബില്ലുകള്‍ അടയ്ക്കാനുള്ള പണം പൂര്‍ണമായും കിഫ്ബിയുടെ കൈയിലുണ്ട്. അടുത്ത വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ നടക്കുന്ന മറ്റ് പരിശ്രമങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഈ കാര്യങ്ങളൊക്കെ മുന്‍കൂട്ടി തീരുമാനിച്ചതുപോലെ കൃത്യമായി നടന്നുകൊണ്ടിരിക്കുകയാണ്.
ചെയ്യുന്ന കാര്യങ്ങള്‍ ആവശ്യമുള്ളതാണോ എന്നതാണ് പ്രസക്തമായ ചോദ്യം. ഒരാള്‍ പോലും കിഫ്ബി വഴി ഏറ്റെടുത്തിരിക്കുന്ന പദ്ധതികള്‍ അനാവശ്യമാണെന്നും ധൂര്‍ത്താണെന്നും പറഞ്ഞിട്ടില്ല.അതൊക്കെ അനിവാര്യമാണ് എന്നാണ് എല്ലാവരുടെയും നിലപാട്. ഇനിയും കൂടുതല്‍ പദ്ധതികള്‍ വേണം എന്നല്ലാതെ ആവശ്യത്തിലധികമായി എന്ന ആക്ഷേപമില്ല. അവയെല്ലാം ഇരുപതോ ഇരുപത്തിയഞ്ചോ വര്‍ഷം കഴിഞ്ഞ് ചെയ്യുന്നതിനേക്കാള്‍ എത്രയോ ചെലവ് കുറഞ്ഞ രീതിയാണ് ഇന്നുതന്നെ വായ്പയെടുത്ത് ചെയ്യുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞു ചെയ്യുമ്പോള്‍ ഇതിലൊക്കെ പത്തും ഇരുപതും മടങ്ങ് ചെലവ് വരും. ഇന്ന് ഇതൊക്കെ ചെയ്താല്‍ അതിന്റെയൊക്കെ ഗുണം ഇന്നു ജീവിച്ചിരിക്കുന്നവര്‍ക്ക് കിട്ടും എന്നതും മറ്റൊരു കാര്യമാണ്. അതുകൊണ്ട് ശ്രദ്ധിക്കേണ്ട കാര്യം, കിഫ്ബിക്കു വേണ്ടി വായ്പയെടുക്കുന്ന പണം സര്‍ക്കാരിന്റെ ശമ്പളത്തിനോ പലിശയ്ക്കോ ഒന്നുമല്ല ചെലവഴിക്കുന്നത്,മറിച്ച് മൂലധന നിക്ഷേപത്തിനാണ്. ആ മൂലധന നിക്ഷേപം ഉണ്ടാകുന്നതിന്റെ ഫലമായിട്ട് നമ്മുടെ സംസ്ഥാനത്ത് പുതിയ സാമ്പത്തിക ഉണര്‍വുണ്ടാകും, സാമൂഹിക ഉണര്‍വുണ്ടാകും. ഇന്ന് വിമര്‍ശിക്കുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ കേരള സമ്പദ്ഘടന നേരിടുന്ന വലിയ വെല്ലുവിളിയേക്കുറിച്ച് ധാരണയില്ല. നമ്മുടെ സംസ്ഥാനത്ത് സാമ്പത്തിക വളര്‍ച്ച മന്ദീഭവിക്കുകയാണ്. ഗള്‍ഫില്‍ നിന്നുള്ള തിരിച്ചുവരവാണ് ഇതിനു പ്രധാനപ്പെട്ട കാരണം. കച്ചവടത്തിലും മറ്റു കാര്യങ്ങളിലുമെല്ലാം ഒരു ഭയം ഗ്രസിച്ചിരിക്കുകയാണ്. നമ്മുടെ നാണ്യവിളത്തകര്‍ച്ച തുടരുകയും ചെയ്യുന്നു. ഇത് രണ്ടും കൂടി ചേര്‍ന്നാണ് സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തില്‍ ഒരു സംസ്ഥാനത്തിനു മാത്രമായി ഇങ്ങനത്തെ ഒരു സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിന് കഴിയില്ല; അതിനുള്ള അവകാശങ്ങളില്ല. 2008ല്‍ സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ നമ്മള്‍ ഇവിടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. കാരണം ഇന്ത്യാ ഗവണ്‍മെന്റ് അത് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേരളത്തെ മാത്രം മുഖ്യമായും ബാധിക്കുന്ന ഈയൊരു സാമ്പത്തിക പ്രതിസന്ധിയെ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കുന്നേയില്ല. പക്ഷേ, നമുക്ക് ഗൗനിക്കാതിരിക്കാന്‍ കഴിയില്ല.


ഇന്ന് കിഫ്ബി വഴി മുടക്കുന്ന അമ്പതിനായിരം കോടി രൂപ നവ ലിബറല്‍ സമീപനമൊന്നുമല്ല. കേരളത്തിന്റെ സാമ്പത്തിക മാന്ദ്യത്തിനെതിരായ പ്രതിവിധിയാണ്. നവ ലിബറലാണ് എന്ന് പറയുന്നവരോട് എനിക്കു ചോദിക്കാനുള്ളത് ഇതില്ലെങ്കില്‍ പിന്നെ എന്താ ചെയ്യുക എന്നാണ്. ഇതില്ലെങ്കില്‍ നവ ലിബറല്‍ ധന ഉത്തരവാദിത്ത നിയമത്തിന്റെ ( എഫ്ആര്‍ബിഎം ആക്റ്റ്) ചൊല്‍പ്പടിക്ക് കേരള സര്‍ക്കാര്‍ കീഴ്വഴങ്ങി നിന്ന് കാര്യങ്ങള്‍ നടക്കുന്നതുപോലെ നടക്കട്ടെ എന്ന് തീരുമാനിക്കേണ്ടി വരും. അങ്ങനെ കീഴടങ്ങാനല്ല കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. നമ്മുടെ ദേശീയ വരുമാനത്തിന്റെ മൂന്നു ശതമാനത്തിനപ്പുറം വായ്പയെടുക്കാന്‍ നമുക്ക് അനുവാദമില്ല. പക്ഷേ, സംസ്ഥാന ബജറ്റിനു പുറത്ത് വായ്പെയെടുക്കുന്നതിനു വിരോധമില്ലല്ലോ. അതുകൊണ്ട് എഫ്ആര്‍ബിഎം ആക്റ്റ് ആണ് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നവ ലിബറലിസത്തിന്റെ ഏറ്റവും വലിയ പ്രമാണം. അതിനെ മറികടക്കുകയാണ് കിഫ്ബി വഴി ചെയ്യുന്നത്. അതുകൊണ്ട് നവ ലിബറല്‍ നിലപാടാണ് എന്നെല്ലാം പറഞ്ഞ് ആരും ഭയപ്പെടുത്തേണ്ട. യഥാര്‍ത്ഥത്തില്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള പരിമിതികളെ നമ്മള്‍ ഇതുവഴി മറികടക്കുകയാണ്. ഇത് കേരളത്തിന്റെ വികസനത്തിന് ഉത്തേജകമാകും.


ഇങ്ങനെ വായ്പയെടുക്കുന്നത് നമ്മളെ കടക്കെണിയിലാക്കില്ലേ എന്ന ചോദ്യം അപ്പോഴാണ് വരുന്നത്. ഒരു കടക്കെണിയിലുമാക്കില്ല. പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരും ഏകകണ്ഠമായി ഒരു നിയമം പാസാക്കിയെടുത്തിട്ടുണ്ടല്ലോ. ആ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതു പ്രകാരം മോട്ടോര്‍ വാഹന നികുതിയുടെ പകുതിയും പെട്രോളിയം സെസും എല്ലാ വര്‍ഷവും ഗ്രാന്റായി കിഫ്ബിക്ക് കൊടുക്കണം. അത് നല്‍കിയാല്‍ മാത്രം മതി. ഒരു പൈസ പോലും ഈ വായ്പയെടുക്കുന്നതു തിരിച്ചടയ്ക്കാന്‍ കേരള സര്‍ക്കാര്‍ നല്‍കേണ്ടതില്ല. നിയമസഭയില്‍ ഞാന്‍ വളരെ കൃത്യമായ കണക്കുകള്‍ പറഞ്ഞതാണ്. ഓരോ വര്‍ഷവും ബോണ്ട് വഴിയും അല്ലാതെയും എടുക്കാന്‍ പോകുന്ന വായ്പയും അതിന്റെ പലിശയും തിരിച്ചടവും എങ്ങനെ വേണം. അതെല്ലാം കൂടി ചേരുമ്പോള്‍ ഏതാണ്ട് ഒരു ലക്ഷം കോടി രൂപ തിരിച്ചടവ് അവസാനിക്കുമ്പോള്‍ വേണ്ടി വരും. ആ കാലയളവിനുള്ളില്‍ നമ്മുടെ മോട്ടോര്‍ വാഹന നികുതിയും കൂടുന്നുണ്ട്. ആ മോട്ടോര്‍ വാഹന നികുതിയില്‍ നിന്ന് വര്‍ധിച്ചുവരുന്ന സെസ്സ് കിട്ടുമ്പോള്‍ കിഫ്ബിക്ക് കേരള സര്‍ക്കാരില്‍ നിന്ന്് ഏതാണ്ട് ഒരു ലക്ഷം കോടി രൂപ കിട്ടിയിരിക്കും.


നമ്മള്‍ വായ്പയെടുത്ത് ഇഎംഎസ് ഭവന പദ്ധതി നടപ്പാക്കി. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാരില്‍ നിന്നു കിട്ടുന്ന ഗ്രാന്റില്‍ നിന്ന് തിരിച്ചടയ്ക്കാമെന്നു പറഞ്ഞ് എടുത്താണ് അത് വിജയകരമായി നടപ്പാക്കിയത്. അതിന്റെ ഫലമായി രണ്ടു ലക്ഷം പേര്‍ക്ക് വീട് കൊടുക്കാന്‍ കഴിഞ്ഞു. ഇന്നിപ്പോള്‍ അതിന്റെ തിരിച്ചടവ് ഏതാണ്ട് പൂര്‍ണമായും തീരുകയാണ്. ഇതേ തത്വം തന്നെ നമ്മള്‍ അന്തര്‍ദേശീയമായി ചെയ്യുന്നു എന്നതാണ് ഇപ്പോഴത്തെ കടമെടുക്കല്‍ പ്രവര്‍ത്തനങ്ങളുടെ പ്രത്യേകത.
ഞാന്‍ ആവര്‍ത്തിക്കട്ടെ, കീഴടങ്ങാനല്ല കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

(2019 മെയ് മാസത്തില്‍ സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com