സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത തുണി സഞ്ചി തിരിച്ചെടുക്കുന്നു; സഞ്ചി ഒന്നിന് അഞ്ചുരൂപ

ഇത് സംബന്ധിച്ച് ചെയർമാനും മാനേജിങ്‌ ഡയറക്‌ടറുമായ അലി അസ്‌ഗർ പാഷ മേഖലാ മാനേജർമാർക്കും ഡിപ്പോ മാനേജർമാർക്കും കഴിഞ്ഞ ദിവസം ഉത്തരവ് അയച്ചു
സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത തുണി സഞ്ചി തിരിച്ചെടുക്കുന്നു; സഞ്ചി ഒന്നിന് അഞ്ചുരൂപ

തിരുവനന്തപുരം : കോവിഡ്‌ കാലത്ത്‌ സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്‌ത തുണിസഞ്ചി ആളുകളിൽനിന്നു തിരിച്ചെടുക്കാൻ സപ്ലൈകോ. സഞ്ചി ഒന്നിന്‌ അഞ്ചുരൂപാ നിരക്കിൽ തിരികെ എടുക്കണമെന്നാണ്‌  നിർദേശം. ഇത് സംബന്ധിച്ച് ചെയർമാനും മാനേജിങ്‌ ഡയറക്‌ടറുമായ അലി അസ്‌ഗർ പാഷ മേഖലാ മാനേജർമാർക്കും ഡിപ്പോ മാനേജർമാർക്കും കഴിഞ്ഞ ദിവസം ഉത്തരവ് അയച്ചു. 

എന്നാൽ കോവിഡ്‌ വ്യ‌ാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പലരും ഉപയോഗിച്ച തുണി സഞ്ചി തിരികെ എടുക്കുമ്പോൾ എന്തൊക്കെ സുരക്ഷാനടപടികൾ സ്വീകരിക്കണമെന്ന്‌ ഉത്തരവിൽ വ്യക്തമാക്കുന്നില്ല. കോവിഡ്‌, ഓണക്കിറ്റ്‌, സ്‌കൂൾ കിറ്റ്‌, സെപ്‌റ്റംബർ, ഒക്‌ടോബർ മാസക്കിറ്റുകൾ എന്നിവ വിതരണം ചെയ്‌ത തുണി സഞ്ചികൾ തിരിച്ചെടുക്കാനാണ്‌ നിർദേശം. ഉപഭോക്‌താക്കൾ വാങ്ങുന്ന സാധനത്തിന്‌ ഡിസ്‌കൗണ്ട്‌ ആയിട്ടായിരിക്കും തുണിസഞ്ചിയുടെ വിലയായ അഞ്ചു രൂപ ബിൽ തുകയിൽനിന്നു കുറയ്‌ക്കുക. മാസക്കിറ്റ്‌ സൗജന്യമായാണ്‌ നൽകുന്നത്‌. അതുകൊണ്ടുതന്നെ ഉപഭോക്‌താവിന്‌ ഏതുബില്ലിൽ ആണ്‌ സഞ്ചിയുടെ വില കുറച്ചുകൊടുക്കുക എന്ന്‌ ഉത്തരവിൽ വ്യക്‌തതയില്ല.  

മുഷിയാത്തതും കീറാത്തതും തുന്നൽ വിട്ടുപോകാത്തതുമായ സഞ്ചികൾ തുടർന്നും വിതരണം ചെയ്യാൻ കഴിയുന്നവയായിരിക്കണം തുടങ്ങിയവയാണ്‌ നിബന്ധനകൾ. ആവശ്യമായ സഞ്ചികൾ അതത്‌ ജില്ലാ കുടുംബശ്രീയുടെ ജില്ലാ കോ-ഓഡിനേറ്ററുമായി ബന്ധപ്പെട്ട്‌ വാങ്ങാൻ ശ്രമിക്കുമ്പോൾ ലഭിക്കാനുള്ള സാധ്യത കുറവാണെന്നു മേഖലാ മാനേജർമാർ അറിയിച്ച സാഹചര്യത്തിലാണ്‌ സഞ്ചി തിരികെ വാങ്ങുന്നതെന്നും സിഎംഡിയുടെ ഉത്തരവിൽ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com