പാലാരിവട്ടം അഴിമതി : പാലം രൂപകല്‍പ്പന ചെയ്ത കണ്‍സള്‍ട്ടന്‍സി ഉടമ അറസ്റ്റില്‍

പാലാരിവട്ടം പാലത്തിന്റെ രൂപകല്‍പ്പന നാഗേഷ് വേറൊരു കമ്പനിക്കും നല്‍കിയതായി വിജിലന്‍സ് കണ്ടെത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം : പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. പാലം രൂപകല്‍പ്പന ചെയ്ത നാഗേഷ് കണ്‍സള്‍ട്ടന്‍സിയുടെ  ഉടമ വി വി നാഗേഷിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇന്നലെ മുഴുവന്‍ നാഗേഷിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

പാലം രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട് നാഗേഷ് 17 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പാലാരിവട്ടം പാലത്തിന്റെ രൂപകല്‍പ്പന വേറൊരു കമ്പനിക്കും നല്‍കിയതായി വിജിലന്‍സ് കണ്ടെത്തി. ജിപിടി ഇന്‍ഫാടെക് എന്ന കമ്പനിക്ക് കൂടി കൈമാറിയെന്നാണ് കണ്ടെത്തിയത്. നാഗേഷിനെ ഇന്നു തന്നെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. 

നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് മഞ്ജുനാഥിനെ നേരത്തെ തന്നെ വിജിലന്‍സ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നു. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം അതിന്റെ രൂപകല്‍പനയാണെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പദ്ധതിയുടെ രൂപകല്‍പനയിലെ അഴിമതിയും വിജിലന്‍സ് അന്വേഷണ പരിധിയിലേക്ക് കൊണ്ടുവന്നത്. 

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേര്‍ത്തു. കേസില്‍ പത്താംപ്രതിയാണ് ഹനീഷ്. പാലം നിര്‍മ്മാണ വേളയില്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ (ആര്‍ബിഡിസികെ) എംഡി ആയിരുന്ന മുഹമ്മദ് ഹനീഷ് കരാറുകാരന് അനധികൃതമായി വായ്പ അനുവദിക്കാന്‍ കൂട്ടുനിന്നു എന്നാണ് കേസ്. കരാറുകാരനില്‍ നിന്നും സുരക്ഷാനിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

കേസിൽ അറസ്റ്റിലായ അഞ്ചാം പ്രതിയും മുൻമന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോ​ഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചു. സർക്കാർ ഡോക്ടർമാർ അടങ്ങുന്ന വിദ​ഗ്ധ സമിതി രൂപീകരിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയിട്ടുള്ളത്. പാലം അഴിമതിയുടെ ഉത്തരവാദിത്തത്തിൽ നിന്നും ഇബ്രാഹിംകുഞ്ഞിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കേസ് പരി​ഗണിക്കവെ കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com