മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി നിര്‍ബന്ധിച്ചു, സ്വപ്‌നയുടെ ശബ്ദസന്ദേശം ; അന്വേഷണത്തിന് ജയില്‍ വകുപ്പ് 

ദക്ഷിണ മേഖലാ ഡിഐജിയോടാണ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി നിര്‍ബന്ധിച്ചു, സ്വപ്‌നയുടെ ശബ്ദസന്ദേശം ; അന്വേഷണത്തിന് ജയില്‍ വകുപ്പ് 

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് സ്വപ്‌ന സുരേഷ് പറയുന്നതായ ശബ്ദ സന്ദേശത്തില്‍ അന്വേഷണം. ശബ്ദസന്ദേശം പുറത്തുവന്നതില്‍ അന്വേഷണത്തിന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്  ഉത്തരവിട്ടു. ഇന്നുതന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. 

ദക്ഷിണ മേഖലാ ഡിഐജിയോടാണ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്വപ്‌ന ജയിലില്‍ വെച്ച് ഫോണ്‍ ചെയ്തത് ഒരു തവണ മാത്രമാണ് വിളിച്ചതെന്നാണ് വിവരം. അമ്മയെ മാത്രമാണ് വിളിച്ചത്. സന്ദര്‍ശകരെ കണ്ടത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുമാണ്. ഈ സാഹചര്യത്തില്‍ ശബ്ദസന്ദേശം വ്യാജമായി നിര്‍മ്മിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. 

മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് ഉദ്യോ​ഗസ്ഥർ വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശം അവകാശപ്പെടുന്നു. രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും സ്വപ്ന പരാതിപ്പെടുന്നു. ഒരു വെബ് പോർട്ടലാണ് ഇക്കാര്യം പുറത്തുവിട്ടത്.

 കോടതിയിൽ ഇഡി കൊടുത്ത റിപ്പോർട്ടിൽ, ശിവശങ്കറിനൊപ്പം യുഎഇയിൽ പോയി മുഖ്യമന്ത്രിക്കു വേണ്ടി സാമ്പത്തിക വിലപേശൽ ചെയ്തുവെന്നാണ് ഉള്ളതെന്ന് അഭിഭാഷകൻ പറഞ്ഞതായും പറയുന്നുണ്ട്. താൻ ഒരിക്കലും മൊഴി നൽകില്ലെന്നു പറഞ്ഞപ്പോൾ ഇനിയും അവർ ജയിലിൽ വരുമെന്നു സമ്മർദം ചെലുത്തുന്നുവെന്നും ശബ്ദസന്ദേശത്തിലുണ്ട്.

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുള്ള സ്വപ്നയെ ഒട്ടേറെപ്പേർ സന്ദർശിക്കുന്നുവെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉന്നയിച്ച് മണിക്കൂറുകൾക്ക് ഉള്ളിലാണ് ശബ്ദരേഖ പുറത്ത് വരുന്നത്. എന്നാൽ സ്വപ്നയ്ക്ക് അഭിഭാഷകനെ ഉൾപ്പെടെ കാണാനും ജയിൽ ഫോണിൽ നിന്ന് പുറത്തേക്ക് വിളിക്കാനും അനുമതിയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com