സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയില്‍ ഗൂഢാലോചന നടന്നു ; പ്രദീപിന് ഉന്നത സ്വാധീനം ; നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സാധ്യതയെന്ന് പൊലീസ്

മാപ്പുസാക്ഷിയായ വിപിന്‍ലാലിന് ഭീഷണിക്കത്ത് അയച്ചത് എറണാകുളത്ത് നിന്നാണെന്ന് പൊലീസ്
സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയില്‍ ഗൂഢാലോചന നടന്നു ; പ്രദീപിന് ഉന്നത സ്വാധീനം ; നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സാധ്യതയെന്ന് പൊലീസ്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പിഎയ്‌ക്കെതിരെ പൊലീസ് കോടതിയില്‍. ഗണേഷ്‌കുമാറിന്റെ പിഎ ആയ പ്രദീപ് കോട്ടാത്തല അന്വേഷണവുമായി സഹകരിക്കുന്നില്ല. പ്രദീപിന് ഉന്നത സ്വാധീനമുണ്ട്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണം. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. 

കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിന് ഭീഷണിക്കത്ത് അയച്ചത് എറണാകുളത്ത് നിന്നാണെന്നും പൊലീസ് വ്യക്തമാക്കി. എറണാകുളത്ത് വെച്ച് സാക്ഷിയെ സ്വാധീനിക്കുന്നതിനായി ഗൂഢാലോചന യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ കാസര്‍കോട് വരുന്നത്. തുടര്‍ന്ന് ഫോണ്‍വിളികളുണ്ടായി.

സെപ്തംബറില്‍ ഭീഷണിക്കത്തും മാപ്പുസാക്ഷിക്ക് ലഭിച്ചു. പ്രദീപിന് ഈ കേസുമായി ബന്ധപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല. ഇതില്‍ നിന്നും മനസ്സിലാകുന്നത് പ്രദീപ് കോട്ടാത്തല കേസില്‍ ഇടപെട്ടത് മറ്റാര്‍ക്കോ വേണ്ടിയാണ്. ആരോ ചുമതലപ്പെടുത്തിയത് പ്രകാരമാണെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു. 

പത്തനാപുരത്തു നിന്നാണ് സിം കാര്‍ഡ് വാങ്ങിയത്. എന്നാല്‍ സാക്ഷിയെ സ്വാധീനിക്കുന്ന ഫോണ്‍ വിളി തിരുനെല്‍വേലിയില്‍ നിന്നാണ്. പിറ്റേന്ന് സിംകാര്‍ഡ് ലൊക്കേഷന്‍ പത്തനാപുരത്തായി. തിരുനെല്‍വേലി സ്വദേശിയുടെ പേരിലാണ് സിം കാര്‍ഡ് എടുത്തത്. എന്നാല്‍ അവിടെ നടത്തിയ അന്വേഷണത്തില്‍ അയാള്‍ക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് ബോധ്യമായി.

ഫോണ്‍വിളി മറ്റാരോ നിര്‍ദേശിച്ച പ്രകാരമാണ് എന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും ബേക്കല്‍ പൊലീസ് പറയുന്നു. ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറിയായ പ്രദീപ് കോട്ടാത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പൊലീസ് കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞദിവസം പ്രദീപ് കോട്ടത്തലയെ അഞ്ചു മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍. വാച്ച് വാങ്ങാനാണ് കാസര്‍കോട്ടെ ജ്വല്ലറിയില്‍ എത്തിയതെന്നാണ് പ്രദീപ് മൊഴി നല്‍കിയത്. ചോദ്യം ചെയ്യലിന്റെയും ഒരുമാസത്തിലേറെ നടത്തിയ അന്വേഷണത്തിന്റെയും വിശദാംശങ്ങള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. 

പ്രദീപ് തന്നെയാണ് കാസര്‍കോട് എത്തിയത് എന്ന് തെളിയിക്കാന്‍ വേണ്ട രണ്ട് സാക്ഷികളെയും അന്വേഷണ സംഘം ഹാജരാക്കി. ഇരുവരും പ്രദീപിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാപ്പുസാക്ഷിയായ വിപിന്‍ ലാലിന്റെ ബന്ധുവിനെ ജനുവരി 24നു ജ്വല്ലറിയിലെത്തി നേരില്‍ കണ്ടെന്നും ദിലീപിന് അനുകൂലമായി മൊഴി കൊടുക്കണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com