കെഎഎസ് മെയിൻ പരീക്ഷ ഇന്നും നാളെയും; ഉദ്യോഗാർഥികൾക്കായി 19 കേന്ദ്രങ്ങൾ സജ്ജം 

3190 ഉദ്യോഗാർഥികളാണ് പരീക്ഷയ്ക്കു യോഗ്യത നേടിയിട്ടുള്ളത്
കെഎഎസ് മെയിൻ പരീക്ഷ ഇന്നും നാളെയും; ഉദ്യോഗാർഥികൾക്കായി 19 കേന്ദ്രങ്ങൾ സജ്ജം 

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഓഫീസർ- ട്രെയിനി (സ്ട്രീം 1, സ്ട്രീം 2) തസ്തികയുടെ വിവരണാത്മക പരീക്ഷ ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 9.30 മുതൽ 12 വരെ ഒന്നാം സെഷനും ഉച്ചയ്ക്ക് 1.30 മുതൽ 4 വരെ രണ്ടാം സെഷനും, നാളെ രാവിലെ 9.30 മുതൽ 12 വരെ മൂന്നാം സെഷനും നടക്കും. എല്ലാ ജില്ലയിലുമായി 19 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 3190 ഉദ്യോഗാർഥികളാണ് പരീക്ഷയ്ക്കു യോഗ്യത നേടിയിട്ടുള്ളത്.

പരീക്ഷ ആരംഭിച്ച ശേഷം കേന്ദ്രത്തിലേക്കു പ്രവേശനമില്ല. അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, നീലയോ കറുപ്പോ ബോൾ പോയിന്റ് പേന എന്നിവ മാത്രമേ കയ്യിൽ കരുതാൻ പാടുള്ളൂ. വാച്ച്/സ്മാർട് വാച്ച്, മൊബൈൽ ഫോൺ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ, കാൽക്കുലേറ്റർ തുടങ്ങിയവ കൈവശം വച്ചാൽ ശാശ്വതമായ വിലക്ക് ഏർപ്പെടുത്തും. സാനിറ്റൈസർ, വെള്ളം എന്നിവ സുതാര്യമായ കുപ്പികളിൽ കരുതാം. മാസ്ക് നിർബന്ധമാണ്. ക്വാറന്റീനിൽ കഴിയുന്നവർക്കും കോവിഡ് പോസിറ്റീവ് ആയവർക്കും പരീക്ഷാ കേന്ദ്രത്തിലെ പ്രത്യേക മുറിയിലിരുന്ന് പരീക്ഷ എഴുതാം.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രം ക്രമീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ തിരുവനന്തപുരത്താണ് - 4. കൊല്ലം, എറണാകുളം ജില്ലകളിൽ 2 വീതവും മറ്റ് ജില്ലകളിൽ ഓരോ പരീക്ഷാ കേന്ദ്രവുമാണ് തയാറാക്കിയിരിക്കുന്നത്. ഉദ്യോഗാർഥികൾക്ക് സ്വന്തം ജില്ലയിൽ തന്നെ പരീക്ഷ എഴുതാനാകും. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് തിരുവനന്തപുരം ജില്ലയിലാണ്. നാല് കേന്ദ്രങ്ങളിലായി 801 പേരാണ് ഇവിടെ പരീക്ഷ എഴുതുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com