കൈകാലുകൾ കെട്ടി ഗിന്നസ് റെക്കോർഡിലേക്ക്‌ നീന്തി കയറി ഡോൾഫിൻ രതീഷ്; അഞ്ച് മണിക്കൂറിൽ താണ്ടിയത് 10 കിലോമീറ്റർ 

ടിഎസ് കനാലിലൂടെ പത്ത് കിലോമീറ്റർ ദൂരം നീന്തി കയറിയാണ് രതീഷ് ലോകറെക്കോർഡ് നേട്ടത്തിലെത്തിയത്
കൈകാലുകൾ കെട്ടി ഗിന്നസ് റെക്കോർഡിലേക്ക്‌ നീന്തി കയറി ഡോൾഫിൻ രതീഷ്; അഞ്ച് മണിക്കൂറിൽ താണ്ടിയത് 10 കിലോമീറ്റർ 

കൊല്ലം: കൈകാലുകൾ ബന്ധിച്ചുള്ള സാഹസിക നീന്തലിൽ ഗിന്നസ് റെക്കോർഡിട്ട് കരുനാഗപ്പള്ളി സ്വദേശി രതീഷ്. ടിഎസ് കനാലിലൂടെ പത്ത് കിലോമീറ്റർ ദൂരം നീന്തി കയറിയാണ് ഡോൾഫിൻ രതീഷ് ലോകറെക്കോർഡ് നേട്ടത്തിലെത്തിയത്. അഞ്ച് മണിക്കൂറും പത്ത് മിനിറ്റുമെടുത്താണ് 38കാരനായ രതീഷ് ലക്ഷ്യം ഭേദിച്ചത്. 

ഒഡിഷക്കാരനായ ഗോപാൽ ഖാർവിങ് സ്ഥാപിച്ച റെക്കോർഡ്‌ ഭേദിക്കാനാണ് ഗിന്നസ് അധികൃതർ രതീഷിന് അനുമതി നൽകിയത്. 2013 ഡിസംബറിൽ മൽപേ ബീച്ചിൽ 3.071 കിലോമീറ്റർ നീന്തിയതാണ് ഗോപാൽ ഈ ഇനത്തിന്റെ റെക്കോർഡിട്ടത്. 20 സെന്റിമീറ്റർ നീളമുള്ള കൈയാമവും 30 സെന്റിമീറ്റർ നീളമുള്ള ആമവും കാലിൽ ബന്ധിച്ചാണ് രതീഷ് നീന്തിയത്. ആദ്യ ഒൻപത് കിലോമീറ്റർ നാല് മണിക്കൂറിൽ പിന്നിട്ടെങ്കിലും അവസാന ഒരു കിലോമീറ്റർ പൂർത്തിയാക്കാൻ ഒന്നര മണിക്കൂർ വേണ്ടിവന്നു.

മൂന്ന് തവണ ലിംഗ ബുക്ക് ഓഫ് റിക്കോർഡും ഒരു തവണ അറേബ്യൻ ബുക്ക് ഓഫ് റിക്കാർഡും നേടിയിട്ടുള്ള രതീഷ് ഇനി ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com