ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുഖ്യമന്ത്രി കുടുങ്ങുമെന്നായപ്പോള്‍ കേസ് അട്ടിമറിക്കുന്നു, ശബ്ദരേഖ ഗൂഢാലോചന: ചെന്നിത്തല

കേസെടുത്ത് നിശബ്ദനാക്കാമെന്ന് കരുതേണ്ട. രണ്ടുതവണ അന്വേഷിച്ച് തള്ളിയ കാര്യത്തില്‍ ആണ് ഇപ്പോള്‍ അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ സിപിഎം ഗൂഢാലോചനയുടെ ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ അന്വേഷണം അട്ടിമറിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. 

സ്വര്‍ണക്കടത്ത് കേസും ലഹരിമരുന്ന് കച്ചവടത്തെ കുറിച്ചുള്ള അന്വേഷണവും അട്ടിമറിക്കാന്‍ സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേസില്‍ കുടുങ്ങുമെന്ന് മനസ്സിലായപ്പോഴാണ് കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് സംഘടിത നീക്കം നടത്തിയത്. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്വപ്നയും ശിവശങ്കറും കിണഞ്ഞു ശ്രമിക്കുന്നു. പൊലീസ് ഈ ഒത്തുകളിയുടെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ തന്റെ പങ്ക് വെളിവാകുമെന്ന് വന്നപ്പോഴാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞത്. മുഖ്യമന്ത്രിയുടെ സ്വരം മാറിയതു സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ്.അതുവരെ അന്വേഷണം ശരിയായ ദിശയില്‍ ആണെന്നു പറഞ്ഞ മുഖ്യമന്ത്രി സ്വരം മാറ്റി. അഴിമതിക്കെതിരായ അന്വേഷണത്തെ തടയാന്‍ നിയമസഭയെപ്പോലും ഉപയോഗിക്കുകയാണ്.

ബാര്‍ കോഴക്കേസില്‍ ഏത് അന്വേഷണത്തെ നേരിടാനും താന്‍ തയാറാണെന്ന് ചെന്നിത്തല അറിയിച്ചു. ബിജു രമേശിന്റെ പഴയ വെളിപ്പെടുത്തലിലാണ് ഇപ്പോഴത്തെ അന്വേഷണം. കേസെടുത്ത് നിശബ്ദനാക്കാമെന്ന് കരുതേണ്ട. രണ്ടുതവണ അന്വേഷിച്ച് തള്ളിയ കാര്യത്തില്‍ ആണ് ഇപ്പോള്‍ അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ബിജു രമേശിന്റെ ശബ്ദരേഖ വ്യാജമെന്നു തെളിഞ്ഞതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com