കിഫ്ബി വിവാദം; സിഎജിയെ നേരിടാന്‍ ഫാലി എസ് നരിമാന്റെ ഉപദേശം തേടി സര്‍ക്കാര്‍

കിഫ്ബിക്ക് എതിരായ സിഎജി റിപ്പോര്‍ട്ടില്‍ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍.
കിഫ്ബി വിവാദം; സിഎജിയെ നേരിടാന്‍ ഫാലി എസ് നരിമാന്റെ ഉപദേശം തേടി സര്‍ക്കാര്‍

തിരുവനന്തപുരം: കിഫ്ബിക്ക് എതിരായ സിഎജി റിപ്പോര്‍ട്ടില്‍ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. സിഎജി റിപ്പോര്‍ട്ടിനെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. കരടു റിപ്പോര്‍ട്ടില്‍ ഇല്ലാത്ത കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതും കിഫ്ബിക്ക് വായ്പയെടുക്കാന്‍ അനുമതിയില്ലെന്ന സിഎജി വാദവും നിയമപരമായി നേരിടാനാണ് നീക്കം.

സര്‍ക്കാരിന് പുറത്ത് ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ നിര്‍മിച്ച് വിദേശ രാജ്യങ്ങളില്‍നിന്ന് ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച വിഷയത്തിലാണ് നിയമോപദേശം തേടിയതെന്നാണ് സൂചന. ഭരണഘടനയുടെ 293 (1) അനുച്ഛേദവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലാണ് നിയമോപദേശം തേടിയതെന്നാണ് ധനകാര്യ മന്ത്രാലയ വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. വിദേശ വായ്പകള്‍ എടുക്കാന്‍ സംസ്ഥാനങ്ങളുടെ അധികാരം നിയന്ത്രിക്കുന്നതാണ് ഭരണഘടനയുടെ അനുച്ഛേദം 293 (1) വകുപ്പ്.

സിഎജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് സര്‍ക്കാര്‍ നിലപാട്. കരടു റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ സര്‍ക്കാരിന് വിശദീകരണത്തിന് അവസരം നല്‍കാതെ അന്തിമ റിപ്പോര്‍ട്ടില്‍ സിഎജി ഉള്‍പ്പെടുത്തിയത് തെറ്റാണ്. ഇത് സാധാരണഗതിയിലുള്ള റിപ്പോര്‍ട്ടായി കാണാന്‍ സാധിക്കില്ല. നടപടിക്രമങ്ങള്‍ തെറ്റിച്ച് തയാറാക്കിയ റിപ്പോര്‍ട്ടാണെന്നും സര്‍ക്കാര്‍ കരുതുന്നു. അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നിയമനടപടിയുടെ സാധ്യത പരിശോധിക്കാന്‍ മുതിര്‍ന്ന ഭരണഘടനാ വിദഗ്ധനായ അഭിഭാഷകന്‍ ഫാലി എസ് നരിമാനെ സമീപിക്കാന്‍ തീരുമാനിച്ചത്. 

കിഫ്ബിക്ക് വായ്പയെടുക്കാന്‍ നിയമസഭയുടെ അനുമതിയില്ലെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം സഭയെ അവഹേളിക്കുന്നതാണെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. ഇക്കാര്യത്തില്‍ ഫാലി എസ് നരിമാന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി. കിഫ്ബിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസിലും ഉപദേശം തേടും. ഭരണഘടനാ വിദഗ്ധരായ മുതിര്‍ന്ന അഭിഭാഷകരെ തന്നെ ഹൈക്കോടതിയിലെ കേസ് വാദിക്കാന്‍ എത്തിക്കും.

സാധാരണഗതിയില്‍ ഫാലി എസ്. നരിമാന്‍ ഡല്‍ഹിക്ക് പുറത്ത് ഹൈക്കോടതികളില്‍ ഹാജരാകാറില്ല. എന്നാല്‍, കിഫ്ബിക്ക് എതിരായ കേസില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫാലി എസ് നരിമാനെ സര്‍ക്കാരിന് വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്നതിന്റെ സാധ്യതയും  ആരായുന്നുണ്ടെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com