വോട്ടുതേടി 'കിംഗ് കോങ്' ; അമ്പരപ്പില്‍ വോട്ടര്‍മാര്‍ ; 'ബ്രസീലിയ'യുമായി ലീഗും

മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡിലേക്കാണ് 57 കാരനായ കിംഗ് കോംഗ് മല്‍സരിക്കുന്നത്
വോട്ടുതേടി 'കിംഗ് കോങ്' ; അമ്പരപ്പില്‍ വോട്ടര്‍മാര്‍ ; 'ബ്രസീലിയ'യുമായി ലീഗും

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അങ്കം മുറുകിയതോടെ സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയെയാണ് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രചാരണത്തിന് പ്രധാനമായും ആശ്രയിക്കുന്ന ഒരു ഘടകം. വ്യത്യസ്തമായ പേരുകളുള്ള സ്ഥാനാര്‍ത്ഥികളെ ഇതോടെ ഒരു വാര്‍ഡിനുമപ്പുറം, തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സുപരിചിതമാകും എന്ന പ്രത്യേകത കൂടിയുണ്ട്. 

വ്യത്യസ്തമായ പേരുകള്‍ കൊണ്ട് ശ്രദ്ധേയമായ സ്ഥാനാര്‍ഥികളാണ് ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ മത്സരിക്കുന്ന കിംഗ് കോംഗും കോഴിക്കോട് കോര്‍പ്പറേഷനിലേക്ക്  മത്സരിക്കുന്ന ബ്രസീലിയയും. കോണ്‍ഗ്രസിന്റെ കൈപ്പത്തി അടയാളത്തിലാണ് കിംഗ് കോംഗ് ജനവിധി തേടുന്നതെങ്കില്‍, മുസ്ലിം ലീഗിന്റെ കോണി ചിഹ്നത്തിലാണ് ബ്രസീലിയ ഷംസുദ്ധീന്‍ വോട്ടുതേടുന്നത്. 

മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡിലേക്കാണ് 57 കാരനായ കിംഗ് കോംഗ് മല്‍സരിക്കുന്നത്. വോട്ടുചോദിച്ച് സ്വയം പരിചയപ്പെടുത്തുമ്പോള്‍ പലര്‍ക്കും അമ്പരപ്പും പൊട്ടിച്ചിരിയുമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് കിംഗ് കോംങ് എന്നാണ്. കിങ് കോങ് സിനിമയില്‍ നിന്നുള്ള പ്രേരണയില്‍ പിതാവ് കുഞ്ഞന്‍കുട്ടിയും സഹോദരങ്ങളുമാണ് തനിക്ക് ഈ പേരിട്ടതെന്ന് സ്ഥാനാര്‍ത്ഥി പറയുന്നു.

കണിച്ചുകുളങ്ങര അയ്യനാട്ടുകരി വീടിനടുത്ത സിനിമ തിയേറ്ററില്‍ കിങ് കോങ് സിനിമ കണ്ട് ഹരംപിടിച്ച് മടങ്ങുന്നതിനിടെയാണ് മകന് ഈ പേര് മതിയെന്ന് തീരുമാനിച്ചത്. പേരു കൊണ്ട് സ്‌കൂള്‍ തലം മുതല്‍ സുപരിചിതനായി. ഒറ്റത്തവണ വോട്ടുചോദിച്ചാല്‍ അതിവേഗം വോട്ടര്‍മാര്‍ മറക്കില്ലെന്നത് ഏറെ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

കോഴിക്കോട് കോര്‍പ്പറേഷനില്‍ പയ്യാനക്കല്‍ ഡിവിഷനില്‍ നിന്നാണ് ബ്രസീലിയ ജനവിധി തേടുന്നത്, ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകനായ അമ്മാവനാണ് തനിക്ക് ഈ പേര് നല്‍കിയതെന്ന് ബ്രസീലിയ പറഞ്ഞു. ബ്രസീലിന്റെ തലസ്ഥാന നഗരമാണ് ബ്രസീലിയ. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബ്രസീലിയക്ക് ഇത് രണ്ടാം മൂഴമാണ്, കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ ഈ പേര് ഏറെ ഉപകാരപ്പെട്ടുവെന്ന് ബ്രസീലിയ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com