'യെച്ചൂരി ഇതിനെ എങ്ങനെ പ്രതിരോധിക്കും?'; കേരള സര്‍ക്കാരിന് എതിരെ പി ചിദംബരം

സംസ്ഥാന സര്‍ക്കാരിന് എതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം
'യെച്ചൂരി ഇതിനെ എങ്ങനെ പ്രതിരോധിക്കും?'; കേരള സര്‍ക്കാരിന് എതിരെ പി ചിദംബരം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് എതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ വീണ്ടും കേസെടുക്കാനുള്ള തീരുമാനത്തിനും പൊലീസ് നിയമഭേദഗതിയിലുമാണ് ചിദംബരം പ്രതികരണം നടത്തിയിരിക്കുന്നത്. 

'കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സമൂഹമാധ്യമത്തിലെ 'കുറ്റകരമായ' പോസ്റ്റിന് 5 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമമുണ്ടാക്കിയതു ഞെട്ടിപ്പിക്കുന്നു. അതുപോലെ അന്വേഷണ ഏജന്‍സി നാലുതവണ കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയ സംഭവത്തില്‍ (ബാര്‍ കോഴക്കേസ്) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ വീണ്ടും കേസെടുക്കാനുള്ള തീരുമാനവും ഞെട്ടലുണ്ടാക്കുന്നു. ഇത്തരം ക്രൂരമായ തീരുമാനങ്ങളെ എന്റെ സുഹൃത്തായ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി എങ്ങനെ പ്രതിരോധിക്കും?'- ചിദംബരം ട്വിറ്ററില്‍ ചോദിച്ചു.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ നല്‍കാനുള്ള വ്യവസ്ഥയാണു നിയമ പൊലീസ് നിയമഭേദഗതിയിലുള്ളത്. ആര്‍ക്കും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാം. അതേസമയം, ജാമ്യമില്ലാ വകുപ്പല്ല.

ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്ക് എതിരെ പ്രാഥമികാന്വോഷണം നടത്താന്‍ വിജിലന്‍സിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം അനുമതി നല്‍കിയിരുനു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീ കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച ഒരു കോടി രൂപ രമേശ് ചെന്നിത്തലയ്ക്കുംഅമ്പതു ലക്ഷം കെ ബാബുവിനും 25 ലക്ഷം ശിവകുമാറിനും നല്‍കിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com