നടിയെ ആക്രമിച്ച കേസ്; മൊഴിമാറ്റാന്‍ 25 ലക്ഷവും 5സെന്റ് ഭൂമിയും വാഗ്ദാനം ചെയ്‌തെന്ന് സാക്ഷി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd November 2020 09:35 PM |
Last Updated: 23rd November 2020 09:36 PM | A+A A- |

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റാന്‍ 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയും പ്രതിഭാഗം വാഗ്ദാനം ചെയ്‌തെന്ന പരാതിയുമായി സാക്ഷി. പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍ ജെന്‍സണ്‍ ആണ് പീച്ചി പൊലീസിന് പരാതി നല്‍കിയത്. സാക്ഷിമൊഴി പ്രതിഭാഗത്തിന് അനുകൂലമാക്കാന്‍ അഭിഭാഷകനാണ് ഇടപെട്ടതെന്ന് ജെന്‍സണ്‍ പറയുന്നു. എന്നാല്‍, പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നു പീച്ചി പൊലീസ് അറിയിച്ചു.
അതേസമയം, കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവച്ചു. രാജിക്കാര്യം സര്‍ക്കാരിനെ അറിയിച്ചതായാണ് സൂചന. കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷന്‍ പരാതി ഉന്നയിച്ചിരുന്നു. കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയാണെന്നും അതുവരെ കേസ് നിര്‍ത്തിവയ്ക്കണമെന്നും വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കോടതി മാറ്റത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചതുമില്ല.
പ്രോസിക്യൂഷനും കോടതിയും സഹകരിച്ചു പോവണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. അല്ലാത്തപക്ഷം യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ വിചാരണക്കോടതി മാറ്റേണ്ട സാഹചര്യം ഇല്ലെന്നും മതിയായ കാരണമില്ലാതെ കോടതി മാറ്റുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ജസ്റ്റിസ് വിജി അരുണ്‍ പറഞ്ഞു.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും നടി ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. തന്നെ അപമാനിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ ഉന്നയിച്ചിട്ടും വിചാരണക്കോടതി ഇടപെട്ടില്ലെന്ന്ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനും ഇതേ വാദം ഉന്നയിച്ചിരുന്നു.
കോടതി മുറിയില്‍ നടി കരയുന്ന സാഹചര്യം പോലും ഉണ്ടായെന്നും നാല്‍പ്പതോളം അഭിഭാഷകരുടെ മുന്നിലാണ് അപകീര്‍ത്തികരമായ ചോദ്യങ്ങള്‍ ഉണ്ടായതെന്നും നടിയുടെ അഭിഭാഷകന്‍ അറിയിച്ചു. വനിതാ ജഡ്ജിയായിട്ടു പോലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അനുവദിച്ചെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും കോടതി ഇടപെട്ടില്ല. പ്രോസിക്യൂഷനോട് മുന്‍വിധിയോടെയാണ് വിചാരണക്കോടതി പെരുമാറിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.
രഹസ്യവിചാരണ ചട്ടങ്ങള്‍ കോടതിയില്‍ ലംഘിക്കപ്പെട്ടു. ഇരയെ ക്രോസ് വിസ്താരം ചെയ്യുന്ന ഘട്ടത്തില്‍ നാല്‍പ്പതോളം അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. നടിയുടെ അന്തസ്സു കെടുത്തുന്ന വിധത്തില്‍ ചോദ്യങ്ങളുണ്ടായെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.