പി കെ ഫിറോസിനെ അപമാനിക്കാന്‍ ശ്രമം; പൊലീസ് ആക്ട് 118 എ പ്രകാരം ആദ്യ പരാതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd November 2020 11:37 AM |
Last Updated: 23rd November 2020 11:37 AM | A+A A- |
തൃശൂർ : പുതിയ പൊലീസ് ആക്ട് പ്രകാരം ആദ്യ പരാതി തൃശൂരിൽ നിന്ന്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ ഫെയ്സ് ബുക്കിൽ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാൻ ആണ് വലപ്പാട് പൊലീസിൽ പരാതി നൽകിയത്.
ഫിറോസിനെ അപകീർത്തിപെടുത്താൻ ലക്ഷ്യമിട്ടു വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. ഒരു ഫെയ്സ്ബുക്ക് പ്രൊഫൈലിലെ വ്യക്തിയ്ക്കെതിരെയാണ് പരാതി. അപകീര്‍ത്തിപ്പെടുത്തിയ പോസ്റ്റിന്‍റെ ലിങ്കും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.
പൊലീസ് ആക്ട് 118 എ അനുസരിച്ച് ലഭിച്ച ആദ്യ പരാതി പൊലീസ് സ്വീകരിച്ചിട്ടുണ്ട്. പൊലീസ് ആക്ട് 118 എക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് പരാതി ലഭിച്ചത്. പൊലീസ് ആക്ട് 118 എ അനുസരിച്ച് പരാതിക്കാരനില്ലെങ്കിൽ പൊലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്ട്രേറ്റിന്‍റെ അനുമതിയോ ആവശ്യവുമില്ല. ശിക്ഷയായി മൂന്നു വർഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം.