ദേശീയ പണിമുടക്കിന് പിന്തുണയുമായി തൊഴിലാളി, കർഷക സംഘടനകൾ ; ഒന്നര കോടിയിലേറെപ്പേര്‍ അണിനിരക്കും

റിസര്‍വ് ബാങ്കില്‍ എഐആര്‍ബിഇഎ, എഐആര്‍ബിഡബ്ല്യു, ആര്‍ബിഇഎ എന്നീ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നടപടികൾക്കെതിരെ സംയുക്ത ട്രേഡ്‌ യൂണിയൻ ആഹ്വാനം ചെയ്‌ത 26 ലെ ദേശീയ പണിമുടക്ക്‌ സംസ്ഥാനത്ത്‌ സമ്പൂർണമാകും. 25ന്‌ അർധരാത്രി 12 മുതൽ 26ന്‌ രാത്രി 12 വരെയാണ് പണിമുടക്ക്.  10 ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കിൽ അണിചേരും. 

ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര–-സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക് –-ഇൻഷുറൻസ് ജീവനക്കാരുടെയും സംഘടനകളാണ്‌ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തത്‌. കർഷക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. പണിമുടക്കിന്‌ മുന്നോടിയായി ചൊവ്വാഴ്‌ച അസംഘടിത മേഖലയിലെ തൊഴിലാളികൾ തൊഴിലിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.ബുധനാഴ്‌ച വൈകിട്ട്‌ തൊഴിൽ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനങ്ങളുണ്ടാകും.

നവംബര്‍ 26 ലെ ദേശീയ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പുതുതലമുറ ബാങ്കുകള്‍, സഹകരണ ഗ്രാമീണ ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. 

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി), എഐബിഇഎ, എഐബിഇഒ എന്നീ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. ഗ്രാമീണ ബാങ്കിങ് മേഖലകളിലെ യുണൈറ്റഡ് ഫോറം ഓഫ് റീജിയണല്‍ റൂറല്‍ ബാങ്ക് എപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കും. 

ഇതുകൂടാതെ റിസര്‍വ് ബാങ്കില്‍ എഐആര്‍ബിഇഎ, എഐആര്‍ബിഡബ്ല്യു, ആര്‍ബിഇഎ എന്നീ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അവശ്യസേവന മേഖലകളില്‍ ഒഴികെയുള്ള തൊഴിലാളികളും കര്‍ഷകരും പങ്കെടുക്കുമെന്നും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com