തദ്ദേശ തെരഞ്ഞെടുപ്പ്:  മത്സരരംഗത്തുള്ളത് 75,013 സ്ഥാനാര്‍ഥികള്‍; ഇനി പൊരിഞ്ഞ പോരാട്ടം

ജില്ലാ പഞ്ചായത്തിലേക്ക് 1,317 സ്ഥാനാര്‍ഥികളും, ബ്ലോക്ക് പഞ്ചായത്തിലേക്ക് 6,877 പേരും ഗ്രാമപഞ്ചായത്തിലേക്ക് 54, 494 പേരുമാണ് സ്ഥാനാര്‍ഥികളായുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ്:  മത്സരരംഗത്തുള്ളത് 75,013 സ്ഥാനാര്‍ഥികള്‍; ഇനി പൊരിഞ്ഞ പോരാട്ടം

തിരുവനന്തപുരം:  തദ്ദേശ തെരഞ്ഞെടുപ്പില്‍ 75,013 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്. ജില്ലാ പഞ്ചായത്തിലേക്ക് 1,317 സ്ഥാനാര്‍ഥികളും, ബ്ലോക്ക് പഞ്ചായത്തിലേക്ക് 6,877 പേരും ഗ്രാമപഞ്ചായത്തിലേക്ക് 54, 494 പേരുമാണ് സ്ഥാനാര്‍ഥികളായുള്ളത്. 

മുന്‍സിപ്പാലിറ്റിയില്‍ 10,399 പേരും നഗരസഭയില്‍ 1,986 പേരുമാണ് മത്സരരംഗത്തുള്ളതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന തെരഞ്ഞെടുപ്പ് 
കമ്മീഷന്‍ ഹരിതചട്ടം പാലിക്കാന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ശരിവച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. 

പ്രകൃതിക്ക് ദോഷകരമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി പകരം പുനരുപയോഗ സാധ്യതയുള്ള പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചാണ് കമ്മീഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്.  പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിഞ്ഞുചേരുന്നതും പുനഃചംക്രമണം ചെയ്യാന്‍ കഴിയുന്നതുമായ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിനായി പ്ലാസ്റ്റിക് നിര്‍മ്മിത പേപ്പറുകള്‍, നൂലുകള്‍, റിബ്ബണുകള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ വസ്തുക്കള്‍കൊണ്ടുണ്ടാക്കിയ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. തിരഞ്ഞെുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തലീന്‍ തുടങ്ങിയ പ്രകൃതി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കേണ്ടതാണ്. 

വോട്ടെടുപ്പിന് ശേഷം പോളിംഗ് സ്‌റ്റേഷനുകളില്‍ അവശേഷിക്കുന്ന പേപ്പറുകളും മറ്റ് വസ്തുക്കളും നീക്കം ചെയ്യുന്നതിനും അവ നശിപ്പിക്കുന്നതിനുമുള്ള നടപടി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കണം. പോളിംഗ് സ്‌റ്റേഷനുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വോട്ടെടുപ്പ് വോട്ടെണ്ണല്‍ ദിവസങ്ങളില്‍ പഴയതും ഉപയോഗ ശൂന്യമായതുമായ ജൈവ അജൈവ വസ്തുക്കള്‍ വെവ്വേറെ നിക്ഷേപിക്കുന്നതിന് ഓരോ ക്യാരിബാഗുകള്‍ വീതം ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ ഉപയോഗിച്ച ബയോമെഡിക്കല്‍ വേസ്റ്റുകളില്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ പ്രത്യേകം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന് സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. വോട്ടെടുപ്പ് അവസാനിച്ചാല്‍ ഉടന്‍ തന്നെ അതാത് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും തിരഞ്ഞെടുപ്പ് പരസ്യം നീക്കം ചെയ്ത് നശിപ്പിക്കുകയോ പുനഃചംക്രമണം ചെയ്യുന്നതിന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറുകയോ ചെയ്യണം. ഇവ നീക്കം ചെയ്തില്ലെങ്കില്‍ വോട്ടെടുപ്പ് അവസാനിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി പരസ്യം നീക്കം ചെയ്ത് നശിപ്പിക്കുന്നതിനോ പുനഃചംക്രമണം ചെയ്യുന്നതിന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറുന്നതിനോ നടപടികള്‍ സ്വീകരിക്കേണ്ടതും ഇതിന്റെ ചെലവ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും ഈടാക്കേണ്ടതുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com