പത്തുലക്ഷം തൊഴില്‍ അവസരങ്ങള്‍; ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മാസ്റ്റര്‍ പ്ലാന്‍, എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

'വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിയ്ക്ക് ഒരു വോട്ട്' എന്നതാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം
പത്തുലക്ഷം തൊഴില്‍ അവസരങ്ങള്‍; ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മാസ്റ്റര്‍ പ്ലാന്‍, എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കി. 'വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിയ്ക്ക് ഒരു വോട്ട്' എന്നതാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം. തൊഴില്‍ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കിയാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. 

കാര്‍ഷിക മേഖലയിലും കാര്‍ഷികേതര മേഖലയിലും പത്തുലക്ഷം തൊഴില്‍ സൃഷ്ടിക്കും. ഈ തൊഴില്‍ അവസരങ്ങള്‍ യുവതിയുവാക്കള്‍ക്ക് ലഭ്യമാക്കുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ മാനിഫെസ്റ്റോയില്‍ ഉണ്ടെന്ന് അദദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പ്രകടന പത്രികയിലുള്ള പ്രധാന വാഗ്ദാനങ്ങള്‍

കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിയിലൂടെ അഞ്ചുലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും. അതോടൊപ്പം സൂക്ഷ്മ ചെറുകിട സംരംഭങ്ങളിലൂടെ കാര്‍ഷികേതര മേഖലയിലും അഞ്ചുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.

ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍; ഓരോ കുടുംബത്തെയും ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നതിന് വേണ്ടി ഭക്ഷണം, പാര്‍പ്പിടം, വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തുന്നതിനുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കുയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും.
കുടുംബശ്രീ മിഷന്റെ ഒരു ഉപമിഷനായി ഇതിനുവേണ്ടിയുള്ള പ്രത്യേക സംവിധാനമുണ്ടാക്കും. 


പ്രാന്തവത്കരിക്കപ്പെട്ടവര്‍ക്ക് പരിരക്ഷ ഉറപ്പാക്കും. 

ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കാത്ത അഞ്ചുലക്ഷം പേര്‍ക്ക് വീട് നല്‍കും. 

തൊഴിലുറപ്പ് പദ്ധതി പ്രകാരം ചുരുങ്ങിയത് മൂന്നുലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ നല്‍കും. 

നഗരങ്ങളില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി സമഗ്രമായി പരിഷ്‌കരിക്കും; നഗരങ്ങളിലെ അഭ്യസ്ഥവിദ്യര്‍ക്ക് തൊഴില്‍ നേടാന്‍ തൊഴിലുറപ്പ് വേദനത്തിന് തുല്യമായ തുക സ്റ്റൈപ്പന്റായി നല്‍കി പദ്ധതി രൂപീകരിക്കും. 

പ്രതിഭാതീരം പദ്ധതി എല്ലാ മത്സ്യ ഗ്രാമങ്ങളിലും നടപ്പാക്കും. 

പച്ചക്കറി, പാല്‍, മുട്ട എന്നിവയില്‍ സ്വയം പര്യാപ്തത നേടും. 

നിലവിലുള്ള 'ആശ്രയ' പദ്ധതിയെ സമൂലമായി പുനസംഘടിപ്പിക്കും. 

തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക പാര്‍പ്പിട പദ്ധതി ആവിഷ്‌കരിക്കും. 

എല്ലാവര്‍ക്കും വൈദ്യുതി, എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും ഭക്ഷണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com