'പ്രദീപ് വെറും കൂലിക്കാരന്‍, പിന്നില്‍ വന്‍ സംഘം'; സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഉന്നത തല ഗൂഢാലോചനയെന്ന് വിപിന്‍ലാല്‍

പ്രദീപ് കോട്ടാത്തല കാസര്‍കോട് വന്നത് ദിലീപിന്റെ വക്കീല്‍ ഗുമസ്തന്‍ എന്ന പേരിലാണ്
'പ്രദീപ് വെറും കൂലിക്കാരന്‍, പിന്നില്‍ വന്‍ സംഘം'; സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഉന്നത തല ഗൂഢാലോചനയെന്ന് വിപിന്‍ലാല്‍

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ പ്രദീപ് കുമാര്‍ ( പ്രദീപ് കോട്ടാത്തല) വെറും കൂലിക്കാരനാണെന്ന് മാപ്പുസാക്ഷി വിപിന്‍ലാല്‍. കെ ബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപിന് പിന്നില്‍ വന്‍ സംഘമുണ്ട്. ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമിച്ചതിന് പിന്നില്‍ ഉന്നത തല ഗൂഢാലോചനയാണെന്നും വിപിന്‍ ലാല്‍ പറഞ്ഞു. 

പ്രദീപ് കോട്ടാത്തല കാസര്‍കോട് വന്നത് ദിലീപിന്റെ വക്കീല്‍ ഗുമസ്തന്‍ എന്ന പേരിലാണ്. ആരാണ് ഇതിന്റെ ഗുണഭോക്താവ്, തന്നെ സ്വാധീനിച്ചാല്‍ ആര്‍ക്കാണ് നേട്ടം എന്ന് കണ്ടെത്തേണ്ടതുണ്ട്. പ്രദീപ് ഈ കേസിലെ പ്രതിയോ, ഈ കേസുമായി ബന്ധമുള്ള ആളോ അല്ല. പ്രദീപ് എന്നെ വന്നു കണ്ടതുകൊണ്ട് ആര്‍ക്കാണ് ഗുണം എന്നാണ് തെളിയിക്കേണ്ടതെന്ന് വിപിന്‍ലാല്‍ പറഞ്ഞു. 

വിപിന്‍ലാലിനെ കാണാന്‍ കഴിയാതെ വന്നപ്പോള്‍ അമ്മാവനെ കണ്ട്, പണവും വീടുവെച്ചു നല്‍കാമെന്നും ചികില്‍സാ ചെലവ് വഹിക്കാമെന്നും വാഗ്ദാനം നല്‍കി. പണം നല്‍കി സ്വാധീനിക്കാനും ശ്രമിച്ചു. വഴങ്ങാത്തതിനെ തുടര്‍ന്ന്  2020 സെപ്തംബര്‍ 24,25,26 തീയതികളില്‍ മൂന്നു ഭീഷണിക്കത്തുകള്‍ വിപിന്‍ലാലിന് ലഭിച്ചു. ദിലീപിന് അനുകൂലമായി മൊഴി നല്‍തകിയില്ലെങ്കിൽ ജീവഹാനി ഉണ്ടാകുമെന്നായിരുന്നു കത്തില്‍. ഇതേത്തുടര്‍ന്നാണ് വിപിന്‍ലാല്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുന്നത്. 

വിപിന്‍ലാലിനെ കാണുന്നതിനായി പ്രദീപ് കോട്ടാത്തല വിമാനത്തിലാണ് കാസര്‍കോട് വന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് യാത്രക്കായി 25,000 രൂപ പ്രദീപ് ചെലവാക്കിയതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. ബേക്കല്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കാസര്‍കോട് വന്നത് വാച്ചു വാങ്ങിക്കാനാണെന്നാണ് പ്രദീപ് കോട്ടാത്തല പറഞ്ഞിരുന്നത്. ദേവാലയത്തില്‍ സന്ദര്‍ശിച്ചുവെന്നും പ്രദീപ് പൊലീസിനോട് പറഞ്ഞു. 

തന്നെയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന മറ്റൊരു തടവുകാരനായിരുന്ന ചാലക്കുടി സ്വദേശി ജിന്‍സണും വെളിപ്പെടുത്തി. പ്രതിഭാഗം അഭിഭാഷകന്റെ പേരു പറഞ്ഞ് കൊല്ലം സ്വദേശി നാസറാണ് വിളിച്ചത്. നടിയെ ആക്രമിച്ച കേസില്‍ പ്രതികളെ  സഹായിക്കുന്ന മൊഴി നല്‍കിയാല്‍ അഞ്ചുസെന്റ് ഭൂമി നല്‍കാമെന്നും 25 ലക്ഷം രൂപ നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ഇതിന്റെ ഓഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്. രണ്ടു തവണയാണ് വിളിച്ചത്. താന്‍ തൃശൂര്‍ പീച്ചി പൊലീസില്‍ പരാതി നല്‍കിയെന്നും ജിന്‍സണ്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com