ഡിസിസി സ്ഥാനാര്‍ത്ഥി 'കൈപ്പത്തിയി'ല്‍ ; കെപിസിസിക്ക് 'ചെണ്ട' ; ഒറിജിനല്‍ ഏതെന്നറിയാതെ വോട്ടര്‍മാര്‍ 'കണ്‍ഫ്യൂഷനില്‍' 

കെപിസിസി നേതൃത്വം കണ്ണുരുട്ടിയിട്ടും കണ്ണൂര്‍ ഡിസിസി അനങ്ങിയിട്ടില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടത്തും ഏതാണ് യഥാര്‍ത്ഥ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എന്നറിയാത്ത ത്രിശങ്കുവിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡിസിസിയുടെ ആശീര്‍വാദത്തോടെ ഒരു പറ്റവും, കെപിസിസിയുടെ അനുമതിയോടെ മറ്റൊരു വിഭാഗവും മല്‍സര രംഗത്തെത്തിയതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകരായ വോട്ടര്‍മാര്‍ കണ്‍ഫ്യൂഷനിലായത്. 

മല്‍സരരംഗത്തുള്ള ഡിസിസി നിയോഗിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി ലഭിച്ചപ്പോള്‍, കെപിസിസി അനുമതിയോടെ മല്‍സര രംഗത്തിറങ്ങിയവര്‍ക്ക് ലഭിച്ചതാകട്ടെ, ചെണ്ട, ടേബിള്‍ ഫാന്‍, കപ്പും സോസറും തുടങ്ങിയവയുമാണ്. തങ്ങള്‍ അംഗീകരിച്ചവരാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. 

കെപിസിസി നേതൃത്വം കണ്ണുരുട്ടിയിട്ടും കണ്ണൂര്‍ ഡിസിസി അനങ്ങിയിട്ടില്ല. ജില്ലയില്‍ മൂന്നിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാറ്റണമെന്ന കെപിസിസി നിര്‍ദേശം ഡിസിസി അംഗീകരിക്കാത്തതാണ് പ്രശ്‌നമായത്. ജില്ലാ നേതൃത്വത്തിനെതിരെ എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും പരാതിയുമായി സംസ്ഥാന-ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്. 

ഇരിക്കൂര്‍ നുച്യാട് ഡിവിഷനില്‍ രണ്ട് ഡിസിസി ജനറല്‍ സെക്രട്ടറിമാരാണ് മല്‍സരരംഗത്തുള്ളത്. ജോജി വര്‍ഗീസ് വട്ടോളിയാണ് കെപിസിസിയുടെ സ്ഥാനാര്‍ത്ഥി. ബേബി തോലാനിക്കല്‍ ഡിസിസിയുടെ സ്ഥാനാര്‍ത്ഥിയും. 

പയ്യാവൂര്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ പിപി അഷറഫ് കെപിസിസിയുടെ സ്ഥാനാര്‍ത്ഥിയായപ്പോള്‍, പയ്യാവൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി പുന്നശേരിമലയെ ആണ് ഡിസിസി മല്‍സരരംഗത്തിറക്കിയത്. 

തലശേരി നഗരസഭയിലെ തിരുവങ്ങാട് വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ഷുഹൈബ് ആണ് കെപിസിസിയുടെ സ്ഥാനാര്‍ത്ഥി. എന്നാല്‍ ഡിസിസി മല്‍സരിപ്പിക്കുന്നതാകട്ടെ ജിതേഷിനെയും. കെപിസിസി നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെയും ഡിസിസിക്കെതിരെയും നടപടി സ്വീകരിക്കാനാണ് കെപിസിസിയുടെ നീക്കം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com