'അത് മാത്രം മതി പിണറായി സര്‍ക്കാരിനെ പിരിച്ചുവിടാന്‍'; കെ സുരേന്ദ്രന്‍

സിഎം രവീന്ദ്രനെയും പുത്തലത്ത് ദിനേശനെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്താല്‍ കേരളത്തിലെ പല അഴിമതികളും പുറത്തുവരും
'അത് മാത്രം മതി പിണറായി സര്‍ക്കാരിനെ പിരിച്ചുവിടാന്‍'; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഇത്രയും മതിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സിഎം രവീന്ദ്രനെയും പുത്തലത്ത് ദിനേശനെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്താല്‍ കേരളത്തിലെ പല അഴിമതികളും പുറത്തുവരും. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് വലിയ അഴിമതികളെല്ലാം നടന്നത്. സിഎജിയുടെ ചോദ്യങ്ങള്‍ക്ക് ഭരണഘടനാപരമായി മറുപടി നല്‍കുകയാണ് സംസ്ഥാനം ചെയ്യേണ്ടത്. എന്നാല്‍ റിപ്പോര്‍ട്ട് പൊളിച്ചുനോക്കി അത് രാഷ്ട്രീയ പ്രചരണമാക്കുന്നത് അഴിമതി നടന്നതു കൊണ്ടാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. 

സിഎജി റിപ്പോര്‍ട്ട് നിയമസഭാ ടേബിള്‍ ചെയ്യുന്നതിന് മുന്‍പ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും വായിച്ചു എന്നുപറഞ്ഞാല്‍  അത് മാത്രം മതി ഈ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കരടിലില്ലാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിയമസഭയില്‍ വയ്ക്കേണ്ട സിഎജി റിപ്പോര്‍ട്ട് എങ്ങനെയാണ് മുഖ്യമന്ത്രി കാണുക? അങ്ങനെ കണ്ടെങ്കില്‍ അത് സത്യപ്രതിജ്ഞാലംഘനമാണ്. കിഫ്ബി ഓഡിറ്റിംഗില്‍ പ്രശ്നമില്ലെങ്കില്‍ ഇപ്പോള്‍ എന്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറഞ്ഞു തുള്ളുന്നത്.  ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ്  പിണറായി. വലിയ അഴിമതി നടന്നതു കൊണ്ടാണ് കിഫ്ബിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സിഎജിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ഭരണഘടനയെ കുറിച്ചുള്ള അജ്ഞതയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് കാലത്തെ വാര്‍ത്താസമ്മേളനത്തില്‍ കൊവിഡിന്റെ മറവില്‍ മുഖ്യമന്ത്രി രാഷ്ട്രീയമാണ് പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ സിഎജിയെ ഉപയോഗിച്ച് കേരളത്തിന്റെ വികസനം അട്ടിമറിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ മാസം 50,000 കോടി രൂപ ദേശീയപാത വികസനത്തിന് നിതിന്‍ ഗഡ്ക്കരി തന്നെന്നു പറഞ്ഞ പിണറായി ഇപ്പോള്‍ മാറ്റി പറയുന്നുത് വെറും രാഷ്ട്രീയമാണ്. ഏത് കാര്യത്തിലാണ് കേന്ദ്രം കേരളത്തെ അവഗണിച്ചതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. 8 മന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിരുന്ന യുപിഎ സര്‍ക്കാരിനേക്കാള്‍ കേരളത്തെ സഹായിക്കുന്നത് മോദി സര്‍ക്കാരാണെന്ന് പറഞ്ഞത് മന്ത്രി ജി.സുധാകരനാണ്. കേരളത്തിന്റെ വികസനത്തിന് എത്ര പണം കേന്ദ്രം തന്നെന്ന് മുഖ്യമന്ത്രി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയുടെ അപരന്‍മാര്‍ക്ക് താമര ചിഹ്നത്തോടു സമാനതയുള്ള റോസാപൂവ് കൊടുത്തിരിക്കുന്നത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്. തെരഞ്ഞെടുപ്പിന്റെ സാമാന്യ മര്യാദകള്‍ അറിയുന്ന ആരെങ്കിലും ഇത് ചെയ്യുമോ? കോര്‍പ്പറേഷനില്‍ ഏഴു സ്ഥലത്താണ് ഇത്തരത്തില്‍ ക്രമക്കേടുള്ളത്. ബിജെപിക്ക് ജയസാധ്യതയുള്ള ആര്യനാട് ജില്ലാ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം നിഷേധിച്ചു. ഇതുകൊണ്ടൊന്നും എന്‍.ഡി.എയുടെ മുന്നേറ്റം തടയാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com