'ഞങ്ങള്‍ ഭീഷണിപ്പെടുത്തും, അനാവശ്യം പറയും;  നീ സ്‌റ്റേഷനില്‍ കേറി കളിക്കുന്നോ '; യുവതിയുടെ മുമ്പില്‍ പൊലീസിന്റെ ആക്രോശം, വീഡിയോ പുറത്ത്, നടപടി

ഭീഷണിപ്പെടുത്തുന്ന എഎസ്‌ഐയുടെ മുന്നില്‍ കരഞ്ഞുകൊണ്ട് പിതാവിനെ പിന്തിരിപ്പിക്കുന്ന മകളെയും വീഡിയോയില്‍ കാണാം
പൊലീസുകാരന്‍ (വീഡിയോ ചിത്രം)
പൊലീസുകാരന്‍ (വീഡിയോ ചിത്രം)

തിരുവനന്തപുരം : '' ഞങ്ങള്‍ ഭീഷണിപ്പെടുത്തും, അനാവശ്യം പറയും. നിന്റെ പരാതി നോക്കാന്‍ മനസ്സില്ലെടാ. നിനക്ക് വയ്യെങ്കില്‍ ആശുപത്രിയില്‍ പോടേ മറ്റവനേ. നീ സ്‌റ്റേഷനില്‍ കേറി കളിക്കുന്നോ''. പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തില്‍ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലായി. 

ഭീഷണിപ്പെടുത്തുന്ന എഎസ്‌ഐയുടെ മുന്നില്‍ കരഞ്ഞുകൊണ്ട് പിതാവിനെ പിന്തിരിപ്പിക്കുന്ന മകളെയും വീഡിയോയില്‍ കാണാം, പരാതി പറയാനെത്തിയ ആള്‍ മദ്യപിച്ചിട്ടുണ്ടെന്നായി പിന്നെ എഎസ്‌ഐയുടെ വാദം. പിതാവ് മദ്യപിക്കില്ലെന്നും യന്ത്രം കൊണ്ട് ഊതി പരിശോധിപ്പിക്കാമല്ലോ എന്നും പറഞ്ഞപ്പോള്‍ ''നീ പറയുമ്പോള്‍ ഊതാനുള്ള സാധനവുമായി ഇരിക്കുകയാണോ ഞങ്ങള്‍'' എന്നും എഎസ്‌ഐ അലറി ചോദിക്കുന്നത് വീഡിയോയിലുണ്ട്.

തിരുവനന്തപുരം നെയ്യാര്‍ ഡാം സ്‌റ്റേഷനിലാണ് സംഭവം. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ കള്ളിക്കാട് സ്വദേശി സുദേവനോടാണ് പൊലീസ് മോശമായി പെരുമാറിയത്. അധിക്ഷേപ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ മോശമായി പെരുമാറിയ പൊലീസുകാരനെ സ്ഥലംമാറ്റി.

ഞായറാഴ്ചയാണ് സുദേവന്‍ ആദ്യം പരാതി നല്‍കിയത്. അന്ന് പൊലീസ് വിവരങ്ങള്‍ തേടി. എന്നാല്‍ കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവന്‍ സ്‌റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഗ്രേഡ് എസ്എഐ ഗോപകുമാര്‍ സുദേവനോട് തട്ടിക്കയറി.

താന്‍ മദ്യലഹരിയിലാണെന്ന് പറഞ്ഞാണ് പൊലീസ് അധിക്ഷേപിച്ചതെന്നും സുദേവന്‍ പറയുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് മേധാവി തന്നെ ഇടപെട്ടത്. സുദേവനെ അധിക്ഷേപിച്ച ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെ അടിയന്തരമായി സ്ഥലം മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഐജിയെ ചുമതലപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com