ബൈക്ക് മറിഞ്ഞ് കുളത്തിൽ വീണു; മുങ്ങിത്താണ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് തെരുവു നായ

ബൈക്ക് മറിഞ്ഞ് കുളത്തിൽ വീണു; മുങ്ങിത്താണ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് തെരുവു നായ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അലപ്പുഴ: അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരനെ ജീവിതത്തിലേക്കു തിരിച്ചുകയറ്റി ഒരു തെരുവു നായ. അപകടത്തിൽപ്പെട്ട് കുളത്തിൽ വീണു മുങ്ങിത്താഴ്ന്നയാളുടെ ജീവനാണ് തെരുവു നായയുടെ ജാഗ്രതയിൽ രക്ഷപ്പെട്ടത്. 

തെരുവിലാണ് ജീവിതമെങ്കിലും നാട്ടുകാർക്ക് പ്രിയങ്കരനായ കുട്ടപ്പൻ എന്ന നായയുടെ കരുതലിലാണ് ഭൂജല അതോറിറ്റി ജീവനക്കാരൻ വൈക്കം വെച്ചൂർ പരുത്തിപ്പറമ്പിൽ ജോണിന് ജീവൻ തിരിച്ചുകിട്ടിയത്. വ്യാഴാഴ്ച പുലർച്ചേ നാലോടെ കാവുങ്കൽ തെക്കേ കവലയ്ക്കു തെക്കുവശം നാഥൻസ് ആർഒ വാട്ടർ പ്ലാന്റിനു സമീപത്തെ കുളത്തിലേക്കു ജോണിന്റെ ബൈക്ക് മറിഞ്ഞു. രാത്രി ഡ്യൂട്ടികഴിഞ്ഞ് തൃക്കുന്നപ്പുഴയിൽ നിന്ന്‌ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.

എതിരേവന്ന വാഹനം വെളിച്ചം മങ്ങിപ്പിക്കാത്തതിനാൽ കണ്ണു മഞ്ഞളിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് കെട്ടിടത്തിൽ തട്ടിയ ശേഷം സമീപത്തെ കുളത്തിലേക്കു മറിയുകയായിരുന്നു. ആർഒ പ്ളാന്റ് ഉടമ കെഎ രഘുനാഥന്റെ കെട്ടിടത്തിനു സമീപം കിടന്നിരുന്ന കുട്ടപ്പൻ അപകടം കണ്ട് ആ ഭാഗത്തേക്ക് ഓടിയെത്തി. തുടർച്ചയായി കുരച്ച് സമീപവാസികളുടെ ശ്രദ്ധയാകർഷിച്ചു.

പുലർച്ചേ നടക്കാനിറങ്ങിയ തേനാംപുറത്ത് അനീഷ്, മട്ടുമ്മേൽവെളി ശ്യാംകുമാർ എന്നിവർ കുര കേട്ടാണ് ശ്രദ്ധിച്ചത്. അവർ എറെ പ്രയാസപ്പെട്ട് ജോണിനെ കുളത്തിൽ നിന്നു കരകയറ്റി. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വൈക്കം ആശുപത്രിയിൽ ചികിത്സ തേടിയ ജോൺ വീട്ടിലേക്കു മടങ്ങി.

രഘുനാഥന്റെ കെട്ടിടത്തിനു സമീപമാണ് കുട്ടപ്പന്റെ താവളം. രഘുനാഥൻ ഉൾപ്പെടെ ഈ ഭാഗത്തുള്ളവരാണ് ഇതിനെ പോറ്റുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com