കോവിഡ് ബാധിതര്‍ക്ക് തപാല്‍ വോട്ട് :  പട്ടിക നാളെ മുതല്‍ തയ്യാറാക്കും

ഹെല്‍ത്ത് ഓഫീസര്‍ പട്ടിക തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം
കോവിഡ് ബാധിതര്‍ക്ക് തപാല്‍ വോട്ട് :  പട്ടിക നാളെ മുതല്‍ തയ്യാറാക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്റ്റ്) നവംബര്‍ 29 മുതല്‍ തയ്യാറാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാകും ആദ്യമായി ലിസ്റ്റ് തയ്യാറാക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.

ഹെല്‍ത്ത് ഓഫീസര്‍ പട്ടിക തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. കൂടാതെ നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഏഴിന് വൈകുന്നേരം മൂന്നുവരെയുള്ള ദിവസങ്ങളിലെ സര്‍ട്ടിഫൈഡ് ലിസ്റ്റും അതാത് ദിവസങ്ങളില്‍ കൈമാറണം. ഡിസംബര്‍ എട്ടിന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്ന ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഹെല്‍ത്ത് ഓഫീസര്‍മാര്‍ നവംബര്‍ 29ന് തയ്യാറാക്കണം.

ഇത്തരത്തില്‍ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും മറ്റ് ജില്ലകളില്‍ കഴിയുന്ന സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ ഉള്‍പ്പെടുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റ് തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് മുതല്‍ അതാത് ദിവസം ഹെല്‍ത്ത് ഓഫീസര്‍ തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. 

സമ്മതിദായകരെ കുറിച്ചുള്ള രേഖപ്പെടുത്തലുകള്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്തി പരിശോധിച്ചതിനു ശേഷമായിരിക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുക. പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം ബന്ധപ്പെട്ട വരണാധികാരികള്‍ നിര്‍ണയിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്‌പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com