'പിണറായിക്ക് ഒരു ചുക്കും ചെയ്യാനാവില്ല' ; സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാനെത്തിയതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറി : ചെന്നിത്തല

സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ശക്തമായ പോരാട്ടവുമായി യുഡിഎഫ് മുന്നോട്ടു പോകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തൃശ്ശൂര്‍: അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും, കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. തൃശ്ശൂരില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത് മുഖ്യമന്ത്രിയാണ്. അന്വേഷണം നടന്നു കൊണ്ടിരുന്നപ്പോള്‍ അത് ശരിയായ ദിശയിലൂടെ ആണെന്ന് പറഞ്ഞതും മുഖ്യമന്ത്രിയാണ്. ആ അന്വേഷണം ആരിലേക്ക് വേണമെങ്കിലും എത്തട്ടേയെന്നും ആരുടെ ചങ്കിടിപ്പാണ് കൂടുന്നതെന്ന് കേരളം കാണട്ടേ എന്നു പറഞ്ഞതും മുഖ്യമന്ത്രിയാണ്. 

എന്നാല്‍ സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടു കൂടിയാണ് മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറിയത്. മുഖ്യമന്ത്രിയുടെ പങ്ക് ഈ കാര്യത്തില്‍ അന്വേഷണ വിധേയമാക്കണം. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ യുദ്ധപ്രഖ്യാപനമാണ് നടത്തുന്നത്. മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാനില്ലെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്. തുടക്കം മുതല്‍ ഈ കേസില്‍ മുഖ്യമന്ത്രി പച്ചക്കള്ളമാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

കേരളത്തിലെ ഒരു ഡസന്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കാനാണ് സിപിഎം തീരുമാനം. ഇടതുമുന്നണിയും മുഖ്യമന്ത്രിയും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുമ്പോള്‍ മറ്റുള്ളവരുടെ ദേഹത്തും ചെളി പുരട്ടണമെന്ന രാഷ്ട്രീയ ഗൂഢോദ്ദേശ്യത്തോടെയാണ് ഈ നടപടി. സത്യവുമായും വസ്തുതയുമായും ഒരു ബന്ധവുമില്ലാത്ത ഒരു കള്ളമൊഴിയുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ പ്രാഥമിക അന്വേഷണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്.

ബാര്‍കോഴയില്‍ തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നില്‍ മറ്റാരോ ഉണ്ട്. മുഖ്യമന്ത്രിക്ക് തന്നെ ഒരു ചുക്കും ചെയ്യാനാകില്ല. കള്ളക്കേസെടുത്ത് വായടപ്പിക്കാമെന്ന് കരുതേണ്ട. ബിജു രമേശ് തനിക്ക് പണം തന്നിട്ടില്ല. ആരോപണത്തിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ശക്തമായ പോരാട്ടവുമായി യുഡിഎഫ് മുന്നോട്ടു പോകും. കള്ളക്കേസ് എടുത്ത് പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാമെന്നാണ് സര്‍ക്കാര്‍ കരുതേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ ധനകാര്യമന്ത്രി തോമസ് ഐസക്കിന് രോഷമെന്തിനാണ്?.  അഴിമതിക്കാരെ മന്ത്രി സംരക്ഷിക്കുകയാണ്. കെഎസ്എഫ്ഇയിൽ വിജിലൻസ് അന്വേഷണം തുടരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സിപിഎമ്മും സര്‍ക്കാരും ചരിത്രത്തിലെ ഏറ്റവും വലിയ അപചയം നേരിട്ടു കൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com