പരാതിക്കാരോട് അപമര്യാദയായി പെരുമാറിയ എഎസ്ഐ ഗോപകുമാറിന് സസ്പെൻഷൻ 

നേരത്തെ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു
ഗ്രേഡ് എസ്‌ഐ ഗോപകുമാര്‍ (വീഡിയോ ചിത്രം)
ഗ്രേഡ് എസ്‌ഐ ഗോപകുമാര്‍ (വീഡിയോ ചിത്രം)

തിരുവനന്തപുരം: നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതിക്കാരോട് അപമര്യാദയായി പെരുമാറിയ എഎസ്ഐ ഗോപകുമാറിന് സസ്പെൻഷൻ. പരാതി നൽകാനെത്തിയ അച്ഛനെയും മകളെയും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്ത ഗോപകുമാറിന്റെ പെരുമാറ്റം പൊലീസ് സേനയുടെ യശസ്സിന് കളങ്കമേൽപ്പിച്ചെന്ന് അന്വേഷണ റിപോർട്ട് ഡിഐജി സഞ്ജയ് കുമാർ ഗുരുദീൻ ഡിജിപിക്ക് നൽകിയിരുന്നു. നേരത്തെ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് സസ്പെൻഷൻ. 

പരാതിക്കാരനായ സുദേവൻ തന്നോട് മോശമായി പെരുമാറിയതാണ് പ്രകോപിപ്പിച്ചതെന്ന ഗോപകുമാറിന്റെ വിശദീകരണം തള്ളിയ ഡിഐജി മറ്റൊരു കേസ് അന്വേഷിക്കാൻ പോയി തിരികെ സ്‌റ്റേഷനിലേക്ക് എത്തിയ എഎസ്‌ഐക്ക് ഇവരുടെ പ്രശ്‌നത്തിൽ ഇടപെടുകയോ, തർക്കിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി.   സ്റ്റേഷനിലേക്ക് വന്നപാടേ ഗ്രേഡ് എസ്‌ഐ മോശമായി പെരുമാറുകയായിരുന്നെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

ചൊവ്വാഴ്ചയാണ് കുടുംബ പ്രശ്നത്തിൽ പരാതിയുമായെത്തിയ സുദേവനും മകൾക്കും അധിക്ഷേപം നേരിട്ടത്. ‍മേലുദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് ഗോപകുമാർ അധിക്ഷേപിച്ചത്. ഇതിനാൽ മേലുദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ റേഞ്ച് ഡിഐജി ശുപാർശ ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com