കോവിഡ് ബാധിതർക്ക് തപാൽ വോട്ട്; പട്ടിക ഇന്നുമുതൽ തയ്യാറാക്കും

ഡിസംബർ എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നി ജില്ലകളിലാകും ആദ്യമായി ലിസ്റ്റ് തയ്യാറാക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും തപാൽ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) ഇന്നുമുതൽ തയ്യാറാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നി ജില്ലകളിലാകും ആദ്യമായി ലിസ്റ്റ് തയ്യാറാക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു.

ഹെൽത്ത് ഓഫീസർ പട്ടിക തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. കൂടാതെ നവംബർ 30 മുതൽ ഡിസംബർ ഏഴിന് വൈകുന്നേരം മൂന്നുവരെയുള്ള ദിവസങ്ങളിലെ സർട്ടിഫൈഡ് ലിസ്റ്റും അതാത് ദിവസങ്ങളിൽ കൈമാറണം. ഡിസംബർ എട്ടിന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ നിന്നുള്ളവർ ഉൾപ്പെടുന്ന ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഹെൽത്ത് ഓഫീസർമാർ നവംബർ 29ന് തയ്യാറാക്കണം.

ഇത്തരത്തിൽ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും മറ്റ് ജില്ലകളിൽ കഴിയുന്ന സ്‌പെഷ്യൽ വോട്ടർമാർ ഉൾപ്പെടുന്ന സർട്ടിഫൈഡ് ലിസ്റ്റ് തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് മുതൽ അതാത് ദിവസം ഹെൽത്ത് ഓഫീസർ തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. 

സമ്മതിദായകരെ കുറിച്ചുള്ള രേഖപ്പെടുത്തലുകൾ വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തി പരിശോധിച്ചതിനു ശേഷമായിരിക്കും പോസ്റ്റൽ ബാലറ്റ് അനുവദിക്കുക. പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം ബന്ധപ്പെട്ട വരണാധികാരികൾ നിർണയിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു. മറ്റ് ജില്ലകളിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com