നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ദുബായില്‍ ഗൂഢാലോചന നടന്നു ;  പ്രതികളെ സംരക്ഷിക്കാന്‍ ഭരണ, പ്രതിപക്ഷത്തെ 'ഹെവി വെയ്റ്റുകള്‍';  വെളിപ്പെടുത്തല്‍

മുഖ്യപ്രതിയായ നടനു മാത്രം ജാമ്യം അനുവദിക്കപ്പെട്ടതും അടിക്കടി വിദേശത്തു പോകാന്‍ അനുവദിച്ചതും കേട്ടു കേള്‍വിയില്ലാത്ത കാര്യമാണ്
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ദുബായില്‍ ഗൂഢാലോചന നടന്നു ;  പ്രതികളെ സംരക്ഷിക്കാന്‍ ഭരണ, പ്രതിപക്ഷത്തെ 'ഹെവി വെയ്റ്റുകള്‍';  വെളിപ്പെടുത്തല്‍

കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്തി പീഡിപ്പിച്ച കേസ് അട്ടിമറിക്കാന്‍ ദുബായില്‍ ഗൂഢാലോചന നടന്നുവെന്ന് ആരോപണം. അതില്‍ പ്രതിപക്ഷ നേതാക്കളും പങ്കാളികളായി. കേസിന്റെ തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കാന്‍ ഭരണ, പ്രതിപക്ഷ കേന്ദ്രങ്ങളിലെ 'ഹെവി വെയ്റ്റുകള്‍' ശ്രമിച്ചു എന്നും ആക്ഷേപമുണ്ട്. 

നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അട്ടിമറിയും അന്തര്‍നാടകവും ആരോപിച്ചു തുടരന്വേഷണം ആവശ്യപ്പെട്ട് ഭരണപക്ഷ അഭിഭാഷക സംഘടന തയാറാക്കിയ വാര്‍ത്താക്കുറിപ്പ് കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നു പിന്‍വലിച്ചു. സിപിഐയുടെ ദേശീയ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് (ഐഎഎല്‍) സംസ്ഥാന പ്രസിഡന്റും കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാനുമായ കെ.പി.ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി സി ബി സ്വാമിനാഥന്‍ എന്നിവരുടെ പേരില്‍ തയാറാക്കിയ വാര്‍ത്താക്കുറിപ്പാണ് ഒതുക്കിയത്. 

ഇതേത്തുടര്‍ന്ന് വാര്‍ത്താക്കുറിച്ച് മാധ്യമങ്ങള്‍ക്കു നല്‍കാതെ സംഘടനയുടെ ഔദ്യോഗിക സമൂഹമാധ്യമ കൂട്ടായ്മയില്‍ മാത്രം ചര്‍ച്ചചെയ്യാന്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. കേസന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ നടിയെ ഉപദ്രവിച്ച കേസ് അട്ടിമറിക്കാന്‍ ഒരു എംഎല്‍എ ശ്രമം നടത്തിയതായും സംഘടന ആരോപിക്കുന്നുണ്ട്. പ്രതിയായ നടന്‍, എംഎല്‍എ, മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ എന്നിവരുടേത് അടക്കമുള്ള ഫോണ്‍വിളികള്‍ പരിശോധിക്കണം. വിചാരണ പൂര്‍ത്തിയാക്കും മുന്‍പു രാജിവച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ നടപടിയെയും ഐഎഎല്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. 

ഇതിനെ സംഘടനയില്‍ അംഗങ്ങളായ പ്രോസിക്യൂട്ടര്‍മാര്‍ എതിര്‍ത്തു.സംഘടന ഉന്നയിക്കുന്ന മറ്റ് ആരോപണങ്ങള്‍ ഇവയാണ്. പ്രതിയായ നടന്റെ അടുത്ത ചങ്ങാതിമാരെ പ്രോസിക്യൂഷന്‍ സാക്ഷികളായി ഉള്‍പ്പെടുത്തി കൂറുമാറാന്‍ അവസരം നല്‍കി. കോടതിയില്‍ നിന്നു നീതി ലഭിക്കില്ലെന്നു പ്രോസിക്യൂഷനു തോന്നിയിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ ഇക്കാര്യം മേല്‍കോടതിയെ അറിയിക്കേണ്ടതായിരുന്നു. പ്രധാന സാക്ഷികളെയെല്ലാം വിസ്തരിച്ചു കൂറുമാറിയ ശേഷമല്ല ഹൈക്കോടതിയെ സമീപിക്കേണ്ടത്. 

ലൈംഗിക അതിക്രമത്തിന് ഇരയായ മുഖ്യസാക്ഷിയോടു ചോദിക്കേണ്ടതായ ചോദ്യങ്ങള്‍ക്കു നിയമം തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളപ്പോള്‍ അത്തരം ചോദ്യങ്ങള്‍ കോടതി അനുവദിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ ഹൈക്കോടതിയെ അറിയിക്കേണ്ടതായിരുന്നു. മുഖ്യപ്രതിയായ നടനു മാത്രം ജാമ്യം അനുവദിക്കപ്പെട്ടതും ഇദ്ദേഹത്തെ അടിക്കടി വിദേശത്തു പോകാന്‍ അനുവദിച്ചതും കേട്ടു കേള്‍വിയില്ലാത്ത കാര്യമാണ്. ക്രിമിനല്‍ കേസുകള്‍ വിജയകരമായി നടത്തി കഴിവു തെളിയിച്ച പ്രോസിക്യൂഷന്‍ ടീമിനെയാണ് ഈ കേസിലേക്കു നിയോഗിക്കേണ്ടിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com