'പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്ന് സംശയം' ; കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിനെതിരെ സിപിഐ

സംസ്ഥാനത്ത് നടന്നുവരുന്ന മറ്റ് പല അന്വേഷണങ്ങളും പോലെ ഈ റെയ്ഡിനു പിന്നിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന സംശയവും പ്രസക്തമാണ്
'പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്ന് സംശയം' ; കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിനെതിരെ സിപിഐ

തിരുവനന്തപുരം : കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ഇടതു മുന്നണി സഖ്യ കക്ഷിയായ സിപിഐക്കും അതൃപ്തി. വിവാദ വ്യവസായത്തിന് ഇന്ധനം പകര്‍ന്ന റെയ്ഡ് എന്ന് വിജിലന്‍സ് നടപടിയെ സിപിഐ മുഖപത്രം ജനയുഗം എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു. കെഎസ്എഫ്ഇ റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസക്കിനും സിപിഎമ്മിനുള്ളിലും കടുത്ത എതിര്‍പ്പുണ്ട്. 

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ കേരള രാഷ്ട്രീയത്തില്‍ കൊടുമ്പിരികൊള്ളുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകര്‍ന്നുനല്കുന്ന സംഭവമായി കെഎസ്എഫ്ഇയില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ സംഘടിത റെയ്ഡ് എന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ അരനൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്നതും ഇടപാടുകാരുടെ വിശ്വാസ്യത ആര്‍ജിച്ചിട്ടുള്ളതുമായ പൊതുമേഖലാ ധനകാര്യ സ്ഥാപനത്തില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് സര്‍ക്കാരിലും പൊതുജനങ്ങള്‍ക്കിടയിലും ഞെട്ടല്‍ ഉളവാക്കിയതില്‍ അത്ഭുതമില്ല. 

സംസ്ഥാനത്ത് നടന്നുവരുന്ന മറ്റ് പല അന്വേഷണങ്ങളും പോലെ ഈ റെയ്ഡിനു പിന്നിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന സംശയവും പ്രസക്തമാണ്. ഇടപാടുകാര്‍ക്ക് സുരക്ഷിതമായ സമ്പാദ്യ സാധ്യതയും വായ്പാ സൗകര്യവും ഉറപ്പുനല്കുന്നതിനു പുറമെ സംസ്ഥാനത്തിന്റെ വികസന സംരംഭങ്ങള്‍ക്ക് പിന്തുണ നല്കാനും സ്ഥാപനത്തിന് കഴിയുന്നുണ്ട്. പ്രവാസി ചിട്ടി, നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ലാപ്‌ടോപ് ലഭ്യമാക്കുന്ന പദ്ധതി എന്നിവ കെഎസ്എഫ്ഇയുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള ഉദാഹരണങ്ങളാണ്. 

കേരളത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളിയായ ഒരു ധനകാര്യ സ്ഥാപനത്തെ സര്‍ക്കാരിന്റെ തന്നെ മറ്റൊരു ഏജന്‍സി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയെന്നത് അസ്വാഭാവികവും അപലപനീയവുമാണ്. കെഎസ്എഫ്ഇയില്‍ ക്രമരഹിതവും നിയമവിരുദ്ധവുമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ ഏതെങ്കിലും വീഴ്ചകളുടെയോ ക്രമക്കേടുകളുടേയോ പേരില്‍ പൊന്മുട്ടയിടുന്ന താറാവിനെ കശാപ്പ് ചെയ്യാന്‍ അനുവദിച്ചുകൂട. കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് ഇടതു മുന്നണി സര്‍ക്കാരിനെ അട്ടിമറിക്കലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് പിന്നിലെങ്കില്‍ അത് അനുവദിക്കാനാകില്ല. മുഖപ്രസംഗം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com