ഇത്തവണ കള്ളനെ കുടുക്കാന്‍ വെച്ച സിസിടിവിയുടെ ഹാര്‍ഡ് ടിസ്‌കും കവര്‍ന്നു; സിഎംഎസ് ഹൈസ്‌കൂളില്‍ ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ മോഷണം 

ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഹൈസ്‌കൂള്‍ ഓഫിസില്‍ മോഷണം നടക്കുന്നത്
ഇത്തവണ കള്ളനെ കുടുക്കാന്‍ വെച്ച സിസിടിവിയുടെ ഹാര്‍ഡ് ടിസ്‌കും കവര്‍ന്നു; സിഎംഎസ് ഹൈസ്‌കൂളില്‍ ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ മോഷണം 


കോട്ടയം: ചുങ്കം സിഎംഎസ് ഹൈസ്‌കൂളിനെ വിടാതെ പിന്തുടര്‍ന്ന് മോഷ്ടാക്കള്‍. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഹൈസ്‌കൂള്‍ ഓഫിസില്‍ മോഷണം നടക്കുന്നത്. ഒരു ലക്ഷത്തോളം രൂപ വിലയുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണു സ്‌കൂള്‍ അധികൃതര്‍ വിവരമറിഞ്ഞത്.

മോഷ്ടാക്കളുടെ കുടുക്കാന്‍ സ്ഥാപിച്ച സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ ഇക്കുറി മോഷ്ടാക്കള്‍ കവര്‍ന്നു. രണ്ടാം നിലയിലെ ഓഫിസ് മുറിയിലാണ് മോഷണം. സ്‌കൂള്‍ വളപ്പില്‍ പാര്‍ക്ക് ചെയ്ത ബസിന്റെ മുകളില്‍ കയറിയാവാം മോഷ്ടാവ് രണ്ടാം നിലയിലേക്ക് എത്തിയത് എന്നാണ് പൊലീസ് പറയുന്നത്. പ്രധാനാധ്യാപകന്റെ മുറിയുടെ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതിന്റെ അടയാളമുണ്ട്. എന്നാല്‍ ഇതിന് സാധിക്കാതെ വന്നതോടെ സമീപത്തെ ക്ലറിക്കല്‍ വിഭാഗത്തിന്റെ വാതില്‍ കുത്തിത്തുറന്നാണ് ഓഫീസില്‍ കടന്നത്.

സ്മാര്‍ട് ക്ലാസ് ആവശ്യങ്ങള്‍ക്ക് അലമാരയില്‍ സൂക്ഷിച്ചിരുന്ന ക്യാമറ, ഹാര്‍ഡ് ഡിസ്‌ക് എന്നിവ കാണാതായെന്നു പ്രധാനാധ്യാപകന്‍ പറഞ്ഞു. മേശയില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് വലിച്ചെറിഞ്ഞ നിലയില്‍ മുറിയില്‍ നിന്നു ലഭിച്ചിട്ടുണ്ട്. താഴത്തെ നിലയിലുള്ള ലാബ്, സ്റ്റാഫ് റൂം, സൊസൈറ്റി, സ്‌റ്റോര്‍ എന്നിവിടങ്ങളിലും കള്ളന്‍ കയറിയിട്ടുണ്ട്. ഇവിടെയൊക്കെ മേശയിലും വലിപ്പിലും ഉണ്ടായിരുന്ന സാധനങ്ങളും പേപ്പറുകളും വലിച്ചു വാരി നിരത്തിയ നിലയിലാണ്. വിരലടയാള വിദഗ്ധര്‍ സ്ഥലം പരിശോധിച്ചു. വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com