കോടിയേരിക്ക് മകന്‍ കേസില്‍ പ്രതിയാകുമെന്ന ആശങ്ക; ഐഎംഈഐ നമ്പര്‍ ട്രേസ് ചെയ്താല്‍ ഫോണ്‍ ആരുടെ കൈയില്‍ എന്നറിയാം; മറുപടിയുമായി ചെന്നിത്തല

കോടിയേരിയുടെ ഉപദേശത്തിന് നന്ദി. ആരാണ് ഇതിന്റെ പിന്നിലെ സൂത്രധാരന്‍ എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി
കോടിയേരിക്ക് മകന്‍ കേസില്‍ പ്രതിയാകുമെന്ന ആശങ്ക; ഐഎംഈഐ നമ്പര്‍ ട്രേസ് ചെയ്താല്‍ ഫോണ്‍ ആരുടെ കൈയില്‍ എന്നറിയാം; മറുപടിയുമായി ചെന്നിത്തല

തിരുവനന്തപുരം:  താന്‍ ആരില്‍ നിന്നും ഐ ഫോണ്‍ വാങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരെയാണ് നാളെ ചോദ്യം ചെയുന്നതെന്ന് നാട്ടുകാര്‍ക്കറിയാം. മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്നത് കൊണ്ടാണ് തനിക്കെതിരെ കെട്ടിച്ചമച്ച ആരോപണം ഉന്നയിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അഴിമതിക്കാരന്റെ അസത്യം നിറഞ്ഞ സത്യവാങ്മൂലത്തിന് താന്‍ എന്ത് പറയാനാണ്. കോടിയേരിയുടെ ഉപദേശത്തിന് നന്ദി. ആരാണ് ഇതിന്റെ പിന്നിലെ സൂത്രധാരന്‍ എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി. സ്വന്തം മകന്‍ ബംഗളൂരിലെ കേസില്‍ പ്രതിയാകുമെന്ന ആശങ്കയാണ് കോടിയേരിക്ക് ഉള്ളത്. താന്‍ വാങ്ങാത്ത ഐ ഫോണിനെ പറ്റി എന്ത് പറയാനാണ്. കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ പങ്കെടുത്താല്‍ എങ്ങനെ പ്രോട്ടോകോള്‍ ലംഘനമാകും. ബിജെപി എംഎല്‍എ രാജഗോപാലും ചടങ്ങില്‍ ഉണ്ടായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

താന്‍ കാരാട്ട് റസാഖിന്റെ കൂപ്പറില്‍ കയറിയിട്ടില്ല. ഇക്കാര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കും. ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഐഎംഇഐ ട്രേസ് ചെയ്താല്‍ ഇത് കണ്ടെത്താന്‍ കഴിയും ഇക്കാര്യം ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. തനിക്ക് ആരും ഫോണ്‍ തന്നിട്ടില്ല. താന്‍ ആരോടും ഫോണ്‍ വാങ്ങിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ചടങ്ങില്‍ പൊതിഞ്ഞുവന്ന സമ്മാനം കൊടുത്തു എന്നല്ലാതെ ഒന്നും ചെയ്തിട്ടില്ല. ഇത്തരം സമ്മാനങ്ങള്‍ ധാരാളം വാങ്ങിക്കൂട്ടിയവരും ഡിഎന്‍എ ടെസ്റ്റ് നടത്തിയവരുമാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞ് ആളുകളെ പറ്റിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിനെതിരെ രംഗത്തുവന്നത്. ഇവരുടെ കൈയില്‍നിന്ന് ഐ ഫോണ്‍ വാങ്ങേണ്ട ഗതികേട് എനിക്കില്ല. ഇതില്‍ അതിശയിക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകും. സത്യസന്ധമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ പരിചയം മാത്രമെ തനിക്കുള്ളു. തന്റെ വീട്ടില്‍ നിന്ന് ആരും മയക്കുമരുന്ന് കേസില്‍ പെട്ടിട്ടില്ല. ഡിഎന്‍എ ടെസ്റ്റും നടത്തിയിട്ടില്ല. ഇനി നടത്തുകയില്ല. കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല തിരുവനന്തപുരത്തും ബംഗളൂരിവിലും കിട്ടുമെന്ന് ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com