സിപിഎം ലോക്കൽ സെക്രട്ടറിയെ കൊല്ലാൻ സിഐടിയു നേതാവിന്റെ ക്വട്ടേഷൻ; പറ്റിക്കപ്പെട്ടതിന് പിന്നാലെ വെളിപ്പെടുത്തൽ

സംഭവം കേട്ടുനിന്ന പ്രവർത്തകരിലൊരാൾ ഇതിന്റെ വീഡിയോ എടുത്ത് ബന്ധപ്പെട്ടവർക്ക് അയച്ചതോടെയാണ്  പുറത്തറിഞ്ഞത്
സിപിഎം ലോക്കൽ സെക്രട്ടറിയെ കൊല്ലാൻ സിഐടിയു നേതാവിന്റെ ക്വട്ടേഷൻ; പറ്റിക്കപ്പെട്ടതിന് പിന്നാലെ വെളിപ്പെടുത്തൽ

ഇടുക്കി; സിപിഎം ലോക്കൽ സെക്രട്ടറിയെ കൊല്ലാൻ സിഐടിയു നേതാവിന്റെ ക്വട്ടേഷൻ നൽകിയതായി വെളിപ്പെടുത്തൽ. മൂന്നാർ ഏരിയാ കമ്മിറ്റിക്കുകീഴിലുള്ള ലോക്കൽ സെക്രട്ടറിയെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം കൊല്ലാനാണ് അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്.  ചൊക്കനാട് സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ യുവാവാണ് മൂന്നാർ ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിലെത്തി മുതിർന്ന നേതാക്കളുടെ മുൻപിൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തൽ നടത്തിയത്. 

സിഐടിയു നേതാവുമായി തെറ്റിയതോടെയാണ് യുവാവ് ക്വട്ടേഷനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ഒരുവർഷംമുമ്പ് ചൊക്കനാട് സ്വദേശിയായ യുവാവിനെ പഴയ മൂന്നാറിൽനടന്ന തട്ടിപ്പുകേസിൽ മൂന്നാർ എസ്ഐയുടെ നേതൃത്വത്തിൽ പാലക്കാടുനിന്ന്‌ അറസ്റ്റുചെയ്തു. ഇയാളെ അറസ്റ്റ്‌ ചെയ്യരുതെന്ന സിഐടിയു നേതാവ് പറഞ്ഞത്‌ കേൾക്കാതെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. തുടർന്ന് തന്നെ എസ്ഐ മർദിച്ചുവെന്നാരോപിച്ച് പ്രതി ചികിത്സ തേടി. ഇതോടെ എസ്ഐ അടക്കം മൂന്നുപേരെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തു.

പിന്നീട്, ജൂലായ്‌ ആദ്യവാരം എസ്ഐ അടക്കമുള്ളവർ കേസ് ഒത്തുതീർപ്പാക്കി. മൂന്നുലക്ഷം രൂപ നൽകിയാൽ കേസ് പിൻവലിക്കാമെന്നായിരുന്നു സിഐടിയു നേതാവിന്റെ മധ്യസ്ഥതയിലുണ്ടാക്കിയ ധാരണ. ആദ്യഘട്ടമായി 1.80 ലക്ഷം രൂപ നൽകി. ബാക്കി തുകയ്ക്കായി യുവാവ് ഓഗസ്റ്റ് മാസത്തിൽ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് സിഐടിയു നേതാവിന്റെ വശം 1.20 ലക്ഷം നൽകിയതായി അറിഞ്ഞത്.

ഇതേത്തുടർന്ന് ഇയാൾ നേതാവുമായി ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് ഏരിയാ കമ്മിറ്റി ഓഫിസിലെത്തി തന്നെ പറ്റിച്ച വിവരവും ലോക്കൽ സെക്രട്ടറിയെ കൊല്ലാൻ തനിക്ക് ക്വട്ടേഷൻ നൽകിയ വിവരവും വെളിപ്പെടുത്തിയത്. സംഭവം കേട്ടുനിന്ന പ്രവർത്തകരിലൊരാൾ ഇതിന്റെ വീഡിയോ എടുത്ത് ബന്ധപ്പെട്ടവർക്ക് അയച്ചതോടെയാണ്  പുറത്തറിഞ്ഞത്. സംഭവം സംബന്ധിച്ച്‌ ലോക്കൽ സെക്രട്ടറി വീഡിയോ ഉൾപ്പെടെ സിപിഎം പോളിറ്റ് ബ്യൂറോ, സംസ്ഥാന സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.

നിരവധി ആരോപണങ്ങൾ നേരിടുന്ന ആളാണ് സിഐടിയു നേതാവ്. 2018-ലെ പ്രളയത്തിൽ ബാങ്കിന് പിന്നിൽ ഇടിഞ്ഞുവീണ മണ്ണുനീക്കാൻ 30 ലക്ഷം രൂപയ്ക്ക് കരാറെടുത്ത സിഐടിയു നേതാവ്, ഈ മണ്ണ് പഴയ മൂന്നാറിലെ വൈദ്യുതിവകുപ്പിന്റെ ഹൈഡൽ പാർക്കിന്റെ സ്ഥലത്തെത്തിച്ച് നികത്തിക്കൊടുത്ത് ആ വകയിൽ 30 ലക്ഷം രൂപ വേറെ ഈടാക്കിയെന്നതുൾപ്പെടെ ആരോപണങ്ങളുണ്ട്. അതും സർക്കാർ ഭൂമി കൈയേറി 20 പ്ലോട്ടുകൾ സ്വകാര്യ വ്യക്തികൾക്ക് വിറ്റതും ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പാർട്ടി കമ്മിറ്റിയിൽ ചർച്ച നടത്തുകയും നടപടി ആവശ്യപ്പെട്ട് മേൽ കമ്മിറ്റികൾക്ക് റിപ്പോർട്ട്‌ നൽകുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com