'ഇനി നടപ്പാക്കാതെ വഴിയില്ല', കോവിഡ് ജാഗ്രത കൈമോശം വന്നെന്ന് മുഖ്യമന്ത്രി ; നടപടി കടുപ്പിക്കും 

നേരത്തെ നാം കാണിച്ച ജാഗ്രതയും കരുതലും തിരിച്ചുപിടിക്കേണ്ടതായിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ജാഗ്രത കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ പലതും പാലിച്ചില്ല. അതാണ് ഇത്രയും ഗുരുതര സ്ഥിതിവിശേഷം ഉണ്ടാക്കിയത്. ഇനി നടപ്പാക്കാതെ വഴിയില്ല.  നടപ്പായില്ലെങ്കില്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

90 പൊതു വിദ്യാലയങ്ങളുടെ ഉദ്ഘ്ടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. നേരത്തെ നാം കാണിച്ച ജാഗ്രതയും കരുതലും തിരിച്ചുപിടിക്കേണ്ടതായിട്ടുണ്ട്. ആളുകള്‍ ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായി. അത്തരമൊരു സാഹചര്യത്തില്‍ നാടിനെ രക്ഷിക്കാനായി കൂടുതല്‍ കടുത്ത നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങിയിട്ടുള്ളത്. സര്‍വകക്ഷിയോഗത്തില്‍ എല്ലാവരും പറഞ്ഞത്  കൂടുതല്‍ കര്‍ക്കശമായ നടപടികളിലേക്ക് പോകണമെന്നാണ്. 

കോവിഡ് ടെസ്റ്റുകള്‍ ഇനിയും വര്‍ധിപ്പിക്കും. ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ശരിയായി ധരിക്കല്‍ എന്നിവ കര്‍ശനമായി പാലിക്കണം. മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഇപ്പോഴത്തെ പിഴ വര്‍ധിപ്പിക്കും. കടകളില്‍ സാമൂഹിക അകലം, സാനിറ്റൈസര്‍ തുടങ്ങി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത കടകള്‍ അടച്ചുപൂട്ടും. കടകളില്‍ ഗ്ലൗസ് ധരിച്ചുമാത്രമേ പോകാവൂ എന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സര്‍ക്കാര്‍ പരിപാടിയില്‍ അടക്കം ഒരു സ്ഥലത്ത് 20 ല്‍ അധികം പേര്‍ പങ്കെടുക്കാന്‍ പാടില്ല. രോഗ്യവ്യാപനത്തിന് സാധ്യതയുള്ള ചില കേന്ദ്രങ്ങളുണ്ട്. അതെല്ലാം പൂര്‍ണമായി അടച്ചിടാന്‍ കഴിയില്ല. എത്രകാലം ഇങ്ങനെ അടച്ചിട്ട് മുന്നോട്ടുപോകാനാകും. എന്തായാലും കോവിഡ് കുറച്ചുകാലം കൂടി നമുക്കൊപ്പം ഉണ്ടാകുമെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com