തിരുവനന്തപുരം, കൊച്ചി മെഡിക്കല്‍ കോളജുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ സ്ഥാനമൊഴിഞ്ഞു; ആരോഗ്യവകുപ്പും ഡോക്ടര്‍മാരും തമ്മില്‍ കലഹം മുറുകുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അരുണയെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴിഞ്ഞത്.
ആരോഗ്യമന്ത്രി കെ കെ ശൈലജ/ ഫയല്‍ ചിത്രം
ആരോഗ്യമന്ത്രി കെ കെ ശൈലജ/ ഫയല്‍ ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി മെഡിക്കല്‍ കോളജുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ സ്ഥാനമൊഴിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അരുണയെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴിഞ്ഞത്. മറ്റു മെഡിക്കല്‍ കോളജുകളിലെ നോഡല്‍ ഓഫീസര്‍മാരും ചുമതല ഒഴിയുമെന്ന് കേരള ഗവ.മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. 

അതേസമയം, നടപടിയില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തുടരും. സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ആരോഗ്യമന്ത്രി ഉറച്ചു നിന്നതോടെയാണ് സമരവുമായി മുന്നോട്ടുപോവാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ തീരുമാനിച്ചത്.

ജീവക്കാരുടെ കുറവ് നികത്താതെ ചുമതല ഉണ്ടായിരുന്നവരെ ബലിയാടാക്കി എന്ന നിലപാടിലാണ് സമരക്കാര്‍. നടപടി പിന്‍വലിച്ചില്ലെങ്കില്‍ നോണ്‍ കൊവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കാന്‍ ആണ് തീരുമാനം. സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരക്കാരുമായി മന്ത്രി ചര്‍ച്ച നടത്തിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്ന സമരക്കാരുടെ ആവശ്യം മന്ത്രി അംഗീകരിച്ചില്ല.

കിടപ്പുരോഗിയെ പുഴുവരിച്ച സംഭവത്തില്‍ മൂന്ന് പേരാണ് സസ്പെന്‍ഷനിലായത്. കോവിഡിന്റെ അടക്കം ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ഡോ. അരുണ, ഹെഡ് നേഴ്സുമാരായ ലീന കുഞ്ചന്‍, രജനി കെവി എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com