ആർഎൽവി രാമകൃഷ്ണന് അവസരനിഷേധം: മന്ത്രി എകെ ബാലൻ വിശദീകരണം തേടി

നൃത്ത വിഭാഗത്തി ലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല.
ആർഎൽവി രാമകൃഷ്ണന് അവസരനിഷേധം: മന്ത്രി എകെ ബാലൻ വിശദീകരണം തേടി

തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ 'സര്‍ഗഭൂമിക' ഓൺലൈൻ നൃത്ത പരിപാടിയില്‍ ആര്‍.എല്‍.വി. രാമകൃഷ്​ണന് അവസരം നിഷേധിച്ചെന്ന വാര്‍ത്ത സംബന്ധിച്ച് അക്കാദമിയിൽനിന്ന്​ വിശദീകരണം ചോദിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്​കാരിക വകുപ്പ് ഡയറക്​ടറെ കഴിഞ്ഞ ശനിയാഴ്​ച തന്നെ ചുമതലപ്പെടുത്തിയതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ തുടര്‍നടപടി സ്വീകരിക്കും.

കോവിഡ് കാരണം കലാ അവതരണത്തിന്​ അവസരം ഇല്ലാതായ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അവസരം നല്‍കാനും ചെറിയ സാമ്പത്തിക സഹായമെങ്കിലും നല്‍കാനും ലക്ഷ്യമിട്ടാണ് അക്കാദമി സര്‍ഗഭൂമിക നടത്തുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ്​ പരിപാടി ചിത്രീകരിക്കുന്നത്.

പരമാവധി പേര്‍ക്ക് സഹായം നല്‍കുകയെന്ന ഉദ്ദേശത്തോടെ ചെറുസംഘടനകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അവസരം നല്‍കിയത്. ലഘുനാടകം, നാടന്‍കല, ഗോത്രകല, മറ്റു കേരളീയ കലകള്‍ എന്നിവയുടെ അവതരണമാണ് ആദ്യഘട്ടത്തില്‍ ചിത്രീകരിക്കുന്നത്. ​ശാസ്ത്രീയ നൃത്തം, സംഗീതം തുടങ്ങി മറ്റ്​ കലകളുടെ അവതരണത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ചപോലും നടന്നിട്ടില്ല.

രാമകൃഷ്​ണൻ സെപ്​റ്റംബർ 28ന്​ അക്കാദമിയിലെത്തി അപേക്ഷ നൽകിയിട്ടുണ്ട്​. അത് അന്നേ ദിവസംതന്നെ 1900ാം നമ്പറായി തപാലില്‍ ചേര്‍ത്ത് ഫയലില്‍ സൂക്ഷിച്ചിട്ടുണ്ട്. നൃത്ത വിഭാഗത്തി ലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ വിഭാഗത്തിലേക്ക് ആരെയും തെരഞ്ഞെടുത്തിട്ടുമില്ല.

നൃത്തകലയിൽ രാമകൃഷ്​ണന്റെ പ്രാഗല്‍ഭ്യത്തെ പൊതുസമൂഹം ഇതിനകം അംഗീകരിച്ചതാണ്. രാമകൃഷ്​ണനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുക.

അവതരണാനുമതി നിഷേധിച്ചുവെന്ന തോന്നലില്‍ ആത്മഹത്യക്ക്​ ശ്രമിച്ചതറിഞ്ഞ്​ ചാലക്കുടി എം.എല്‍.എ ബി.ഡി. ദേവസ്സി മുഖേന ആവശ്യമായ ഇടപെടല്‍ നടത്തിയെന്നും ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി ഡയറക്​ടറോട് നേരിട്ട്​ അന്വേഷിച്ചുവെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com