പുതിയ കുതിപ്പിന് ; സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാതയുടെ പ്രോജക്ട് ലോഞ്ചിംഗ് ഇന്ന് 

മറിപ്പുഴയിലെ സ്വര്‍ഗംകുന്നില്‍ നിന്നും ആരംഭിച്ച് മേപ്പാടിക്കു സമീപം എത്തി നില്‍ക്കുന്ന തുരങ്കപാതയാണ് പദ്ധതിയുടെ സവിശേഷത
ചുരം ( ഫയൽ ചിത്രം)
ചുരം ( ഫയൽ ചിത്രം)

കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ പ്രോജക്ട് ലോഞ്ചിംഗ് ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ ലോഞ്ചിംഗ് നിര്‍വഹിക്കുക. കോഴിക്കോട് വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് ചുരം ബദല്‍പാതയായി ഉപയോഗിക്കാവുന്ന തുരങ്കപാതയെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. പദ്ധതിയുടെ സര്‍വേ നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 

ആനക്കാംപൊയിലിനു സമീപമുള്ള മറിപ്പുഴയിലെ സ്വര്‍ഗംകുന്നില്‍ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിക്കു സമീപം എത്തി നില്‍ക്കുന്ന തുരങ്കപാതയാണ് പദ്ധതിയുടെ സവിശേഷത. തുടക്കവും ഒടുക്കവും പൂര്‍ണമായും സ്വകാര്യ ഭൂമിയിലാണ്. പരിസ്ഥിതിക്കോ ജൈവ സമ്പത്തിനോ ദോഷമില്ലാത്ത തരത്തിലാണ് പാത വിഭാവനം ചെയ്തിട്ടുള്ളത്. 

കുണ്ടന്‍തോടില്‍ 70 മീറ്റര്‍ നീളത്തില്‍ രണ്ട് വരി പാലം, സ്വര്‍ഗംകുന്നിലേക്ക് രണ്ട് കിലോമീറ്റര്‍ നീളത്തില്‍ രണ്ടുവരി പാത, ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള രണ്ടു വരി തുരങ്കപാത എന്നിവയാണ് പദ്ധതിയില്‍ ഉണ്ടാവുക. തുരങ്കത്തിന് ഏഴു കിലോമീറ്റര്‍ നീളം വരുമെന്നാണ് കണക്കാക്കുന്നത്. നിര്‍മ്മാണമാരംഭിച്ചാല്‍ മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയായേക്കും.

താമരശ്ശേരി ചുരത്തിന് ബദല്‍പാതയൊരുക്കണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിറവേറാന്‍ പോവുന്നത്. പൊതുമരാമത്ത് വകുപ്പിന് തുരങ്കപാത നിര്‍മ്മാണത്തില്‍ മുന്‍പരിചയമോ സാങ്കേതിക വൈദഗ്ധ്യമോ ഇല്ലാതിരുന്നതിനാല്‍ ഡോ. ഇ ശ്രീധരന്റെ സഹായത്തോടെ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ പദ്ധതി ഏല്‍പ്പിച്ചു. സര്‍വേ,വിശദ പദ്ധതി രൂപരേഖ,നിര്‍മ്മാണം എന്നിവ ടേണ്‍ കീ അടിസ്ഥാനത്തില്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഉത്തരവായത്. കെ.ആര്‍.സി.എല്‍, കിഫ്ബി, പി.ഡബ്ല്യു.ഡി എന്നിവ ത്രികക്ഷി കരാറില്‍ ഏര്‍പ്പെട്ടു. പദ്ധതിക്ക് കിഫ്ബി സാമ്പത്തിക സഹായത്തോടെ 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതിയും നല്‍കി കഴിഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി  ജി സുധാകരന്‍, മന്ത്രിമാരായ ഡോ.ടി.എം തോമസ് ഐസക്, ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, എം.പി മാരായ രാഹുല്‍ ഗാന്ധി, എളമരം കരീം, എം.വി ശ്രേയാംസ് കുമാര്‍, എംഎല്‍എമാരായ ജോര്‍ജ് എം തോമസ്സ്,  എ.പ്രദീപ് കുമാര്‍, എം.കെ.മുനീര്‍, പി.ടി.എ റഹീം, കാരാട്ട് റസാഖ്, പുരുഷന്‍ കടലുണ്ടി, വി.കെ.സി മമ്മദ്‌കോയ, കെ.ദാസന്‍, ഇ.കെ വിജയന്‍, സി.കെ നാണു, പാറക്കല്‍ അബ്ദുള്ള, താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയസ് ഇഞ്ചനാനിയില്‍,ഡോ.മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, തുടങ്ങിയവര്‍ പങ്കെടുക്കും. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ചടങ്ങ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com