പ്രതിപക്ഷ നേതാവിന് ഐ ഫോണ്‍ നല്‍കിയോ എന്ന് അറിയില്ല;  നിലപാട് മാറ്റി സന്തോഷ് ഈപ്പന്‍

ഇന്ന് വിജിലന്‍സിന് നല്‍കിയ മൊഴിയിലാണ് സന്തോഷ് ഈപ്പന്‍ തിരുത്തിയത്.
പ്രതിപക്ഷ നേതാവിന് ഐ ഫോണ്‍ നല്‍കിയോ എന്ന് അറിയില്ല;  നിലപാട് മാറ്റി സന്തോഷ് ഈപ്പന്‍

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐഫോണ്‍ നല്‍കിയോ എന്നറിയില്ലെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍. സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകള്‍ നല്‍കുകയാണ് ചെയ്തത്. അത് അവര്‍ ആര്‍ക്ക് നല്‍കിയെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു. ഇന്ന് വിജിലന്‍സിന് നല്‍കിയ മൊഴിയിലാണ് തിരുത്തിയത്. നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ചെന്നിത്തലക്ക് ഐ ഫോണ്‍ നല്‍കിയെന്ന് പറഞ്ഞത്.

സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിര്‍ദേശപ്രകാരം, യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയ്ക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കാന്‍ ഐഫോണ്‍ വാങ്ങി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. ഇത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും, അതല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നുമാണ് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്. സന്തോഷ് ഈപ്പന്‍ ഇത്തരത്തില്‍ ഹര്‍ജിയില്‍ എഴുതിയതിന് പിന്നില്‍ സിപിഎം ആണെന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം. 

തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണ്. രണ്ടാഴ്ചയ്ക്കകം ഈ പരാമര്‍ശം പിന്‍വലിച്ച് സന്തോഷ് ഈപ്പന്‍ മാപ്പ് പറയണം. മൂന്ന് പ്രമുഖ മാധ്യമങ്ങളിലൂടെയെങ്കിലും ഈ മാപ്പപേക്ഷ സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യണം. അതല്ലെങ്കില്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു. ഹൈക്കോടതിയില്‍ സന്തോഷ് ഈപ്പന്‍ നല്‍കിയിരിക്കുന്ന ഹര്‍ജി തിരുത്തി പുതിയ സത്യവാങ്മൂലം നല്‍കണം. പ്രതിപക്ഷനേതാവിനെതിരെ ഉന്നയിച്ച ആരോപണം തെറ്റെന്ന് ബോധ്യപ്പെട്ടെന്ന് അതില്‍ എഴുതണം. മുന്‍ അഡ്വക്കറ്റ് ജനറലായിരുന്ന അഡ്വ. ടി ആസഫലി വഴിയാണ് ഈ വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com