മാപ്പ് പറയണം, അല്ലെങ്കില്‍ ഒരുകോടി രൂപ നഷ്ടപരിഹാരം; ഐ ഫോണ്‍ വിവാദത്തില്‍ സന്തോഷ് ഈപ്പന് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസ്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് തനിക്ക് ഐ ഫോണ്‍ നല്‍കിയെന്ന ആരോപണത്തിന് എതിരെ യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചു
മാപ്പ് പറയണം, അല്ലെങ്കില്‍ ഒരുകോടി രൂപ നഷ്ടപരിഹാരം; ഐ ഫോണ്‍ വിവാദത്തില്‍ സന്തോഷ് ഈപ്പന് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് തനിക്ക് ഐ ഫോണ്‍ നല്‍കിയെന്ന ആരോപണത്തിന് എതിരെ യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചു. വ്യാജ മൊഴി നല്‍കിയെന്ന് ആരോപിച്ചാണ് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 

പതിനഞ്ച് ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ഏറ്റവും കുറഞ്ഞത് മൂന്ന് പ്രധാന മാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രസിദ്ധീകരിക്കണം. അല്ലാത്തപക്ഷം ഒരുകോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല വക്കീല്‍ നോട്ടീസില്‍ പറയുന്നു. 

ആരോപണത്തിന് പിന്നില്‍ സന്തോഷ് ഈപ്പനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള ബന്ധമാണെന്നും ചെന്നിത്തല ആരോപിച്ചു. 

ഇപ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്ന ആളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണത്തിന് തടസ്സമുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് വക്കീല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്.

യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന് സ്വപ്ന വഴി ഐ ഫോണ്‍ സമ്മാനിച്ചുവെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആരോപണം. ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതരെ സന്തോഷ് ഈപ്പന്‍ ഹൈക്കോടതയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഐ ഫോണ്‍ നല്‍കിയ കാര്യം വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com