സനൂപിന്റേത് രാഷ്ട്രീയക്കൊല ; പ്രതികള്‍ ആര്‍എസ്എസ്, ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരെന്ന് മന്ത്രി എ സി മൊയ്തീന്‍

സിപിഎമ്മിന്റെ സ്വാധീനം ഇല്ലാതാക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും മന്ത്രി ആരോപിച്ചു
സനൂപിന്റേത് രാഷ്ട്രീയക്കൊല ; പ്രതികള്‍ ആര്‍എസ്എസ്, ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരെന്ന് മന്ത്രി എ സി മൊയ്തീന്‍

തൃശൂര്‍ : തൃശൂര്‍ കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്, ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരാണ്. സിപിഎമ്മിന് വലിയ സ്വാധീനമുള്ള പ്രദേശമാണ് ചിറ്റിലങ്ങാട്. എന്നാല്‍ സമീപകാലത്തൊന്നും ഇവിടെ രാഷ്ട്രീയസംഘര്‍ഷങ്ങളുണ്ടായിട്ടില്ല. സിപിഎമ്മിന്റെ സ്വാധീനം ഇല്ലാതാക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും മന്ത്രി ആരോപിച്ചു. 

സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ പുതുശ്ശേരി പേരാലില്‍ സനൂപിനെ ഇന്നലെ രാത്രി 11.30 ഓടെയാണ് ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സുഹൃത്തുക്കളായ അഞ്ഞൂര്‍ സിഐടിയു തൊഴിലാളി ജിതിന്‍. പുതുശ്ശേരി സ്വദേശിയായ സി പി എം പ്രവര്‍ത്തകന്‍ വിപിന്‍, അഭിജിത്ത് എന്നിവര്‍ക്കും ആക്രമത്തില്‍ വെട്ടേറ്റിട്ടുണ്ട്. 

എട്ടംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച സൂചന. സംഘത്തിലുണ്ടായിരുന്ന നന്ദന്‍ എന്നയാളാണ് സനൂപിനെ ഓടിച്ചിട്ട് കുത്തിയതെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. നന്ദന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് എന്നാണ് വിവരം. കുത്തേറ്റ ശേഷം സനൂപ് മുന്നൂറ് മീറ്ററോളം ഓടി. കുത്തേറ്റ സനൂപ് ഓടിയെത്തിയത് പ്രദേശത്തെ ഒരു വീട്ടമ്മയുടെ മുന്നിലേക്കാണ്. 

അക്രമിസംഘത്തിന് അടുത്തേക്ക് സനൂപും സംഘവും എത്തുമ്പോള്‍ അവര്‍ മദ്യപിക്കുകയായിരുന്നുവെന്നും സംസാരിക്കുന്നതിനിടെ പ്രകോപിതരായ നന്ദനും സംഘവും അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും  സനൂപിനൊപ്പം ഉണ്ടായിരുന്നവര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പ്രതികളുടെ കൈയില്‍ നിരവധി ആയുധങ്ങളുണ്ടായിരുന്നുവെന്നും സനൂപിന് നെഞ്ചിനും വയറിനുമാണ് കുത്തേറ്റതെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com