ഒരു കിലോ ഗോതമ്പിനു പകരം ആട്ട, വിതരണം മഞ്ഞ, പിങ്ക് കാർഡുകൾക്ക്  

കൊല്ലം, പത്തനംതിട്ട ജില്ലകളി‌ലാണ് പദ്ധതിക്ക് തുടക്കംകുറിക്കുക
ഒരു കിലോ ഗോതമ്പിനു പകരം ആട്ട, വിതരണം മഞ്ഞ, പിങ്ക് കാർഡുകൾക്ക്  

തിരുവനന്തപുരം: മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് (മുൻഗണനാ വിഭാഗം) അനുവദിച്ച ഗോതമ്പിൽ ഒരു കിലോയ്ക്കു പകരം ആട്ട വിതരണം ചെയ്യുന്ന പദ്ധതി ഈ മാസം ആരംഭിക്കും.  കൊല്ലം, പത്തനംതിട്ട ജില്ലകളി‌ലാണ് പദ്ധതിക്ക് തുടക്കംകുറിക്കുക. ഗോതമ്പ് സൗജന്യമായി ലഭിച്ചിരുന്നവർ ആട്ടയ്ക്കു പണം നൽകേണ്ടി വരും.

മഞ്ഞ കാർഡ് ഉടമകൾക്ക് നിലവിൽ അഞ്ച് കിലോ ഗോതമ്പാണ് സൗജന്യമായി നൽകിയിരുന്നത്. ഇനി നാലു കിലോ ഗോതമ്പും ഒരു കിലോ ആട്ടയുമായിരിക്കും നൽകുക. ആട്ടയ്ക്ക് കിലോയ്ക്ക് ആറ് രൂപ നൽകണം. പിങ്ക് കാർഡ് ഉടമകൾക്കു കിലോയ്ക്കു രണ്ട് രൂപ നിരക്കിലാണ് ​ഗോതമ്പ് നൽകിയിരുന്നത്. ഇതിൽ ഒരു കിലോ ഗോതമ്പിനു പകരമുള്ള ആട്ടയ്ക്ക് എട്ട് രൂപ നൽകണം.

മഞ്ഞ, പിങ്ക് കാർഡിലെ ഓരോ അംഗത്തിനും സൗജന്യ കേന്ദ്ര റേഷനായി നാല് കിലോ അരി, ഒരു കിലോ ഗോതമ്പ്, ഒരു കിലോ പയർ /കടല എന്നിവ ഈ മാസവും ലഭിക്കും. കഴിഞ്ഞ മാസം കടലയോ പയറോ വാങ്ങാത്തവർക്ക് അതും ഈ മാസം നൽകും. നീല, വെള്ള കാർഡ് ഉടമകൾക്കു കാർഡിന് അഞ്ച് കിലോ അരി (കിലോയ്ക്കു 15 രൂപ നിരക്കിൽ) അധികമായി ലഭിക്കും. മുൻഗണനേതര വിഭാഗക്കാർക്ക് ഈ മാസം മണ്ണെണ്ണ ലഭിക്കുമെന്നു സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതവും (കിലോയ്ക്ക് 4 രൂപ) വെള്ള കാർഡിന് 3 കിലോ അരിയും (കിലോയ്ക്ക് 10.90 രൂപ) സാധാരണ റേഷനായി ലഭിക്കും.ഈ മാസത്തെ റേഷൻ വിതരണം ഇന്നലെ ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com