പ്രവര്‍ത്തന സജ്ജമായി 75 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി ; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

നിലവില്‍ ഒന്നും രണ്ടും ഘട്ടങ്ങളിലായി ആകെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പ്രവര്‍ത്തന സജ്ജമാക്കിയത്
പ്രവര്‍ത്തന സജ്ജമായി 75 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി ; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 75 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമായി. ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇന്നു രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും.  

തിരുവനന്തപുരം ജില്ലയില്‍ 12, കൊല്ലം 5, പത്തനംതിട്ട 6, ആലപ്പുഴ 3, കോട്ടയം 4, ഇടുക്കി 1, എറണാകുളം 4, തൃശൂര്‍ 19, പാലക്കാട് 6, മലപ്പുറം 8, കോഴിക്കോട് 5, കണ്ണൂര്‍ 1, കാസര്‍ഗോഡ് 1 എന്നിങ്ങനെ പ്രവര്‍ത്തന സജ്ജമായ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതെന്ന് മന്ത്രി ശൈലജ പറഞ്ഞു. ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളായിരുന്നു ലക്ഷ്യം വച്ചത്. രണ്ടാംഘട്ടത്തില്‍ 504 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തത്. 

നിലവില്‍ ഒന്നും രണ്ടും ഘട്ടങ്ങളിലായി ആകെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പ്രവര്‍ത്തന സജ്ജമാക്കിയത്. ഇതിനുപുറമെയാണ് പുതുതായി 75 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വൈകിട്ട് ആറുവരെ ആക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com