സ്വര്‍ണക്കടത്ത്; ഫൈസല്‍ ഫരീദും റബിന്‍സും ദുബായില്‍ അറസ്റ്റില്‍

കോടതിയില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് അറസ്റ്റിന്റെ കാര്യം എന്‍ഐഎ അറിയിച്ചത്.
സ്വര്‍ണക്കടത്ത്; ഫൈസല്‍ ഫരീദും റബിന്‍സും ദുബായില്‍ അറസ്റ്റില്‍

കൊച്ചി: നയതന്ത്ര ബാഗേജില്‍ കേരളത്തിലേയ്ക്കു സ്വര്‍ണം കടത്തിയ കേസിലെ പ്രധാന കണ്ണികളായ ഫൈസല്‍ ഫരീദും, റബിന്‍സും ദുബായില്‍ അറസ്റ്റിലായെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചു. യുഎഇ ഭരണകൂടമാണ് അറസ്റ്റു ചെയ്തത്.  ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും ശക്തമായ നടപടിയെടുക്കുമെന്ന് അറിയിച്ചതായും എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് അറസ്റ്റിന്റെ കാര്യം എന്‍ഐഎ അറിയിച്ചത്.

ആറു പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടിസ് അയച്ചു. വ്യാജ രേഖകളുടെ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്.

ദുബായ് റാഷിദിയയിലായിരുന്നു ഫൈസല്‍ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വര്‍ക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസല്‍. നയതന്ത്ര പാഴ്‌സലില്‍ കള്ളക്കടത്തു സ്വര്‍ണം അയയ്ക്കാന്‍ ഫൈസല്‍ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ആണെന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. നേരത്തേതന്നെ, കസ്റ്റംസ് നിരീക്ഷണത്തിലുള്ളയാളാണു റബിന്‍സ്. ദുബായില്‍ ഇയാള്‍ക്കു ഹവാല ഇടപാടുകളുള്ളതായും നയതന്ത്ര പാഴ്‌സലിലൂടെ കേരളത്തിലേക്കു കടത്തിയ സ്വര്‍ണം വിറ്റഴിക്കുന്നതില്‍ പങ്കുള്ളതായും വിവരം ലഭിച്ചിരുന്നു. ഫൈസല്‍ ഫരീദിനെ മുന്നില്‍ നിര്‍ത്തി, ദുബായിലെ മുഴുവന്‍ നീക്കങ്ങളും നടത്തിയതു റബിന്‍സാണോയെന്നും കസ്റ്റംസ് സംശയിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com