സ്വര്‍ണക്കടത്തു കേസ് ഇന്ന് കോടതിയില്‍ ; എന്‍ഐഎ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയേക്കും

ശക്തമായ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ ജാമ്യാപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കേണ്ടി വരുമെന്നു കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു
സ്വര്‍ണക്കടത്തു കേസ് ഇന്ന് കോടതിയില്‍ ; എന്‍ഐഎ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയേക്കും

കൊച്ചി :  നയതന്ത്രപാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസ് ഇന്ന് കോടതി വീണ്ടും പരി​ഗണിക്കും. കേസിൽ  ദേശവിരുദ്ധ സ്വഭാവം ഉന്നയിച്ച എന്‍ഐഎയുടെ തെളിവുകളുടെ ഗൗരവം ഇന്നറിയാം. സ്വപ്ന അടക്കമുള്ള ഏഴു പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. 

ഏഴാം പ്രതി മുഹമ്മദ് ഷാഫിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, എന്‍ഐഎ കോടതി വിളിച്ചുവരുത്തിയ കേസ് ഡയറിയിലെ രഹസ്യസ്വഭാവമുള്ള കണ്ടെത്തലുകള്‍ കോടതി പരിശോധിക്കും. അന്വേഷണ സംഘത്തിനു വേണ്ടി അഡീ.സോളിസിറ്റര്‍ ജനറല്‍ ഇന്നു നടത്തുന്ന വാദവും കേസിന്റെ വിധി നിര്‍ണയിക്കും.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ എന്‍ഐഎ ഇന്നു കോടതിയില്‍ ഹാജരാക്കിയേക്കും. ശക്തമായ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കേണ്ടി വരുമെന്നു കഴിഞ്ഞ ദിവസം കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കപ്പെട്ടത് എങ്ങിനെയാണെന്നു വ്യക്തമാക്കാനാണു കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്.

സ്വപ്ന സുരേഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ വാദത്തിലാണ് ഉന്നതബന്ധങ്ങളെക്കുറിച്ച് കോടതി മുന്‍പാകെ അന്വേഷണസംഘം ആദ്യ വെളിപ്പെടുത്തിയത്. 'മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രതിക്കുള്ള ഉന്നതബന്ധം', 'അധികാരത്തിന്റെ ഇടനാഴികളില്‍ പ്രതിക്കുള്ള സ്വാധീനം' തുടങ്ങിയ പ്രയോഗങ്ങള്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു.

സ്വർണക്കടത്തു കേസിലെ പ്രതികൾക്കെതിരെ യുഎപിഎ കുറ്റങ്ങൾ നിലനിൽക്കുമെന്ന് എൻഐഎ കോടതിയെ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകർക്കുന്ന തരത്തിൽ കറൻസി, നാണയങ്ങൾ, മറ്റുള്ള വസ്തുക്കൾ എന്നിവയുടെ കള്ളക്കടത്ത് യുഎപിഎ വകുപ്പ് 15 പ്രകാരം കുറ്റകരമാണെന്ന് എൻഐഎ പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com