കോളജ് അധ്യയന വര്‍ഷം അടുത്തമാസം മുതൽ ; ഓൺലൈൻ ക്ലാസ്സുകൾ

ക്ലാസുകള്‍ ആരംഭിക്കുന്നത് അനന്തമായി താമസിപ്പിക്കേണ്ടെന്നാണ് അധ്യാപകരുടേയും അഭിപ്രായം
കോളജ് അധ്യയന വര്‍ഷം അടുത്തമാസം മുതൽ ; ഓൺലൈൻ ക്ലാസ്സുകൾ

തിരുവനന്തപുരം:  സംസ്ഥാനത്തെ കോളജുകളിൽ അധ്യയന വര്‍ഷം അടുത്തമാസം ആരംഭിക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഓൺലൈനായി  ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്.  റഗുലർ ക്ലാസുകള്‍ ഉടന്‍ തുടങ്ങാനാവില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. 

ഒന്നാം വര്‍ഷ ഡിഗ്രി, പിജി ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കും. ക്ലാസുകള്‍ ആരംഭിക്കുന്നത് അനന്തമായി താമസിപ്പിക്കേണ്ടെന്നാണ് അധ്യാപകരുടേയും അഭിപ്രായം.  ലാബ് സൗകര്യങ്ങള്‍ ആവശ്യമുള്ള കോഴ്സുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും തിയറി പേപ്പറുകളുമായി മുന്നോട്ട് പോകാനാണ് അധ്യാപകരുടെ തീരുമാനം. 

ഇപ്പോള്‍ ഒന്നാം വര്‍ഷമൊഴിച്ചുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ അധ്യയനം നടക്കുന്നുണ്ട്. 50 ശതമാനം വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി ക്ലാസുകളില്‍ പങ്കെടുക്കാനാവുന്നുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ കേരളത്തിലെ കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് കോളജുകള്‍ എന്നു തുറക്കാനാവുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഒരു നിശ്ചയവുമില്ല.

ഹോസ്റ്റലുകളും ഉടന്‍ തുറക്കാനാവില്ല. വിദ്യാര്‍ഥികളുടെയോ അധ്യാപകരുടെയോ ആരോഗ്യസുരക്ഷ അപകടത്തിലാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നാണ് സർക്കാർ നിലപാട്. അണ്‍ലോക്ക് 5 ന്‍റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com