രണ്ടു കോടതികളും വെറുതെ വിട്ടതല്ലേയെന്ന് സുപ്രീം കോടതി ; ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഈ മാസം 16 ലേക്ക് മാറ്റി

കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സിബിഐക്ക് നിര്‍ദേശം നല്‍കി
രണ്ടു കോടതികളും വെറുതെ വിട്ടതല്ലേയെന്ന് സുപ്രീം കോടതി ; ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഈ മാസം 16 ലേക്ക് മാറ്റി

ന്യൂഡല്‍ഹി : എസ്എന്‍ സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 16 ലേക്ക് മാറ്റി. കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. കേസില്‍ പിണറായി വിജയന്‍ അടക്കമുള്ള മൂന്നു പ്രതികളെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്ന് സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. 

വിചാരണ കോടതിയും ഹൈക്കോടതിയും മൂന്നു പ്രതികളെയും വെറുതെ വിട്ടതല്ലേയെന്ന് സുപ്രീംകോടതി ചോദിച്ചു. രണ്ട് കോടതികളില്‍ നിന്ന് സമാന വിധി വന്ന കേസില്‍ ഇടപെടണമെങ്കില്‍ വ്യക്തമായ രേഖകള്‍ വേണമെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ കേസില്‍ ഇടപെടുന്നതിന് ശക്തമായ വാദങ്ങള്‍ ഉന്നയിക്കേണ്ടി വരുമെന്നും സിബിഐയോട് കോടതി നിര്‍ദേശിച്ചു. 

ഇക്കാര്യം ബോധ്യമുണ്ടെന്നും വിഷയത്തില്‍ വിശദമായ കുറിപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും സിബിഐക്കു വേണ്ടി ഹാജരായ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. അത് സമര്‍പ്പിക്കാന്‍ സിബിഐ അനുമതി തേടി. ഇതിന് അനുവദിച്ച സുപ്രീംകോടതി കേസ് പരിഗണിക്കുനന്ത് ഈ മാസം 16 ലേക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, കെ.മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സിബിഐ അപ്പീല്‍ നല്‍കിയത്. അതേസമയം കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com