'ലൈഫ് മിഷന്‍ തട്ടിപ്പ് അധോലോക ഇടപാട്';  ധാരണാപത്രം ശിവശങ്കര്‍ ഹൈജാക്ക് ചെയ്‌തെന്ന് സിബിഐ ഹൈക്കോടതിയില്‍

ലൈഫ് മിഷന്‍ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈജാക്ക് ചെയ്‌തെന്ന് സിബിഐ ഹൈക്കോടതിയില്‍
'ലൈഫ് മിഷന്‍ തട്ടിപ്പ് അധോലോക ഇടപാട്';  ധാരണാപത്രം ശിവശങ്കര്‍ ഹൈജാക്ക് ചെയ്‌തെന്ന് സിബിഐ ഹൈക്കോടതിയില്‍

കൊച്ചി: ലൈഫ് മിഷന്‍ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈജാക്ക് ചെയ്‌തെന്ന് സിബിഐ ഹൈക്കോടതിയില്‍ പദ്ധതി അധോലോക ഇടപാടെന്നും പണം വന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. 
സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാരും യൂണിടാക് ഉടമയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കവെയാണ് സിബിഐ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

യൂണിടാക്കിന് കരാര്‍ ലഭിച്ചത് ടെന്‍ഡര്‍ വഴിയാണെന്നുള്ളത് കളവാണെന്നും സിബിഐ കോടതിയില്‍ വാദിച്ചു. റെഡ് ക്രസന്റില്‍ നിന്ന് കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലേക്ക് പണം വരികയും അവിടെനിന്ന് യൂണിടാക്കിന് കൈമാറുകയാണ് ചെയ്തതെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. 

യൂണിടാക്കിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാന്‍ ശിവശങ്കര്‍ ലൈഫ് മിഷന്റെ സിഇഒ ആയ യു വി ജോസിനോട് ആവശ്യപ്പെട്ടു. യു വി ജോസ് പ്രതിയാണോ സാക്ഷിയാണോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. 

വിദേശ സഹായം സ്വീകരിച്ചത് കേന്ദ്ര ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് കഴിഞ്ഞദിവസം സിബിഐ കോടതിയെ വ്യക്തമാക്കിയത്. യൂണിടാക്ക് ഉടമ പണവും ഐഫോണും നല്‍കിയത് കൈക്കൂലിയാണെന്നും സിബിഐ അറിയിച്ചിരുന്നു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് എഫ് സി ആര്‍ എ നിയമം ലംഘിച്ചതെന്ന് വ്യക്തമാക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു. 

പാവപ്പെട്ടവരുടെ പണം തട്ടിയെടുക്കാന്‍ ശ്രമം നടന്നെന്ന് സിബിഐ കോടതിയില്‍ പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് യൂണിടാക്ക് ജീവനക്കാര്‍ ആദ്യം കണ്ടത് സ്വര്‍ണക്കടത്ത് കേസ് പ്രധാന പ്രതി സന്ദീപ് നായരെയാണെന്ന് സിബിഐ പറഞ്ഞു. ആകെത്തുകയുടെ മുപ്പത് ശതമാനം കമ്മീഷനായി കിട്ടി. 

കമ്മീഷന്‍ തുക നല്‍കാനാണ് ഫ്‌ലാറ്റുകളുടെ എണ്ണം കുറച്ചത്. എഫ്‌സിആര്‍എ നിയമം അനുസിരിച്ച് കേസ് അന്വേഷിക്കാന്‍ അനുവദിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു. 

എന്നാല്‍ കോണ്‍സുലേറ്റിന്റെ പണം യൂണിടാക്ക് വാങ്ങിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലൈഫ് മിഷന് വിദേശത്ത് നിന്ന് പണം ലഭിച്ചിട്ടില്ലെന്നും എഫ്‌സിആര്‍എ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. സിബിഐ അന്വേഷണം ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണെന്നും സര്‍ക്കാര്‍ വാദിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com