ശ്രീറാമിനെ ഒഴിവാക്കണം ; എന്ത് ഫാക്ട് ചെക്കുചെയ്യാനെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി തന്നെ നിരന്തരം കള്ളം പറഞ്ഞുകൊണ്ടിരിക്കെ, എന്തു വ്യാജവാര്‍ത്ത കണ്ടെത്താനാണെന്ന് രമേശ് ചെന്നിത്തല
ശ്രീറാമിനെ ഒഴിവാക്കണം ; എന്ത് ഫാക്ട് ചെക്കുചെയ്യാനെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : വ്യാജവാര്‍ത്ത കണ്ടെത്താനുള്ള സമിതി അംഗമായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ കൊല്ലപ്പെടാനിടയായ വാഹനാപകട കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ഇത്തരത്തില്‍ പ്രതിയായിട്ടുള്ള ആളിനെ മാധ്യമങ്ങളിലെ ഫാക്ട് ചെക്കിങ്ങിന് നിയോഗിച്ച നടപടി തെറ്റാണ്. 

അതുകൊണ്ട് അടിയന്തരമായി ഈ നിയമനം പുനഃപരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തെറ്റു ചെയ്യുന്നവരെ എല്ലാം സംരക്ഷിക്കുന്ന ജോലിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ പ്രകടമായ ഉദാഹരണമാണ് ശ്രീറാമിന്റെ നിയമനമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

എന്ത് ഫാക്ട് ചെക്കുചെയ്യാനാണ്. മുഖ്യമന്ത്രി തന്നെ നിരന്തരം കള്ളം പറഞ്ഞുകൊണ്ടിരിക്കെ, എന്തു വ്യാജവാര്‍ത്ത കണ്ടെത്താനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള പി.ആര്‍.ഡിയുടെ ഫാക്ട് ചെക്  വിഭാഗത്തിലാണ് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത്. 

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ സസ്‌പെന്‍ഷനിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തത്. ആരോഗ്യവകുപ്പില്‍ കോവിഡ് പ്രതിരോധത്തിന്റെ ചുമതല നല്‍കി നിയമിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com