സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കേണ്ടെന്ന് തീരുമാനിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കേണ്ടെന്ന് തീരുമാനിച്ചത്. 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിലാണെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ കൂടുതലും സമ്പര്‍ക്ക വ്യാപനം വഴിയുള്ളതാണ്. ഈ ഘട്ടത്തില്‍ ബാറുകള്‍ തുറക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തി. 

ഇതിനോട് യോജിച്ച മുഖ്യമന്ത്രി, ഈ ഘട്ടത്തില്‍ ബാറുകള്‍ തുറക്കേണ്ടെന്ന നിലപാട് സ്വീകരിച്ചു. ബാറുകള്‍ തുറക്കുന്നതില്‍ പിന്നീട് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച കാര്യം ഡിജിപിയും യോഗത്തില്‍ സൂചിപ്പിച്ചു. 

ബാറുകള്‍ തുറക്കാനുള്ള ശുപാര്‍ശ അടങ്ങിയ ഫയല്‍ ആഴ്ചകള്‍ക്കു മുന്‍പ് എക്‌സൈസ് കമ്മിഷണര്‍ മന്ത്രി വഴി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മറ്റു സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നു. ഈ പശ്ചാത്തലത്തില്‍ എക്‌സൈസ് വകുപ്പ് കഴിഞ്ഞയാഴ്ച വീണ്ടും ശുപാര്‍ശ നല്‍കുകയായിരുന്നു. ബാര്‍ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാര്‍ശ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com