'3.8 കോടി കൊണ്ടുപോയത് നീല നമ്പരുള്ള കാറില്‍; കൈപ്പറ്റിയത് ഖാലിദ് ; ലൈഫില്‍ പ്ലാനും ഡ്രോയിങും അടക്കം ചോര്‍ന്നു'

പണം മുഴുവന്‍ ഉണ്ടെന്ന് തിട്ടപ്പെടുത്തിയ ശേഷം സ്വപ്ന തിരിച്ചുവിളിച്ചു
'3.8 കോടി കൊണ്ടുപോയത് നീല നമ്പരുള്ള കാറില്‍; കൈപ്പറ്റിയത് ഖാലിദ് ; ലൈഫില്‍ പ്ലാനും ഡ്രോയിങും അടക്കം ചോര്‍ന്നു'

കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കണ്‍സല്‍റ്റന്റായിരുന്ന ഹാബിറ്റാറ്റ് ബില്‍ഡേഴ്‌സ് തയാറാക്കിയ സൈറ്റ് പ്ലാന്‍, ഡ്രോയിങ് തുടങ്ങിയവ സന്ദീപ്, സ്വപ്ന, സരിത് എന്നിവരുടെ കൈവശമെത്തിയതായി വെളിപ്പെടുത്തല്‍. ഇതാണ് യൂണിടാക്കിനു കൈമാറിയതെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. 97 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനാണു സ്വപ്‌ന യൂണിടാക്കിനോട് ആവശ്യപ്പെട്ടത്. 30% കമ്മിഷനില്‍ 20% യുഎഇ കോണ്‍സല്‍ ജനറലിനാണെന്ന് സ്വപ്ന പറഞ്ഞു. 30 ലക്ഷം ദിര്‍ഹം കമ്മിഷനാണ് സ്വപ്നയും യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഖാലിദും ആവശ്യപ്പെട്ടതെന്നും സിബിഐ പറഞ്ഞു.  

സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷനും യൂണിടാക് ഉടമയും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചപ്പോവാണ് സിബിഐ ഹൈക്കോടതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 40% തുക മുന്‍കൂര്‍ ലഭിച്ചതിനുശേഷമേ കമ്മിഷന്‍ നല്‍കൂ എന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ പറഞ്ഞത്. അപ്പാര്‍ട്‌മെന്റുകളുടെ എണ്ണം 100 ല്‍നിന്ന് 140 ആയി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, എണ്ണം കൂടിയാല്‍ കമ്മിഷന്‍ അത്രയും നല്‍കാനാവില്ലെന്നും സന്തോഷ് പറഞ്ഞു 

പിന്നീട് കമ്മിഷന്‍ കുറച്ചു. 20% കോണ്‍സല്‍ ജനറലിന് നല്‍കുമെന്നാണ് സ്വപ്ന പറഞ്ഞത്. 6% സ്വപ്നയ്ക്കാണെന്നും പറഞ്ഞു. ഇതനുസരിച്ച് സ്വപ്ന ആവശ്യപ്പെട്ട 3.8 കോടി രൂപ നല്‍കി. ഈ പണം കൈപ്പറ്റിയത് ഖാലിദാണ്. ഈ പണം നീല നമ്പരുള്ള വാഹനത്തിലാണ് കൊണ്ടുപോയത്. തുടര്‍ന്ന് സ്വപ്നയെ വിളിച്ചു, പണം മുഴുവന്‍ ഉണ്ടെന്ന് തിട്ടപ്പെടുത്തിയ ശേഷം സ്വപ്ന തിരിച്ചുവിളിച്ചു. തുടര്‍ന്നു പണം നല്‍കിയ ബാഗ് സന്തോഷിന് തിരിച്ചുനല്‍കി. കമ്മിഷന്‍ ലഭിച്ചതിനുശേഷം സ്വപ്ന ശിവശങ്കറുമായി കൂടിക്കാഴ്ചയും ഒരുക്കിയെന്ന് സിബിഐ കോടതിയെ അറിയിച്ചു.  

അതേസമയം ലൈഫ് മിഷന്‍ ധാരണാപത്രം റെഡ് ക്രസന്റുമായാണെന്നാണ് സര്‍ക്കാര്‍ വാദം. റെഡ് ക്രസന്റാണ് യൂണിടാക്കിനെയും സെയിന്‍ വെഞ്ചേഴ്‌സിനെയും കണ്ടെത്തിയതും കരാര്‍ ഏല്‍പിച്ചതും. പദ്ധതിയുമായി ബന്ധപ്പെട്ടു സര്‍ക്കാരോ, സര്‍ക്കാര്‍ ജീവനക്കാരോ വിദേശത്തുനിന്നു പണം സ്വീകരിച്ചിട്ടില്ല. ഇടപാടുകള്‍ വിദേശസംഭാവനാ നിയന്ത്രണ നിയമത്തിന്റെ കീഴില്‍ വരുന്നില്ല. വിദേശപ്പണം നേരിട്ട് കൈപ്പറ്റിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. 

കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ യൂണിടാക് ജീവനക്കാരനു ലഭിച്ച ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അറിഞ്ഞതെന്നു സന്തോഷ് ഈപ്പന്‍ പറഞ്ഞതായി സിബിഐ വെളിപ്പെടുത്തി. കോണ്‍സുലേറ്റിന്റെ കരാര്‍ സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടര്‍ന്നു യൂണിടാക് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തു പോയി സ്വര്‍ണക്കടത്തു കേസ് പ്രതി സന്ദീപ് നായരെ കാണുകയായിരുന്നു. 30% കമ്മിഷന്‍ മുന്‍കൂറായി നല്‍കണമെന്നു പറഞ്ഞപ്പോള്‍ കമ്പനി പ്രതിനിധികള്‍ ആദ്യം നിരസിച്ചു. തുടര്‍ന്നു കമ്പനി പ്രതിനിധികളും സരിത്, സന്ദീപ് സ്വപ്ന എന്നിവരും തിരുവനന്തപുരം ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തി. കേരള സര്‍ക്കാരിന്റെ എല്ലാ സഹായവും സ്വപ്ന ഉറപ്പുനല്‍കിയെന്നും യൂണിടാക് ഉടമ പറഞ്ഞതായി സിബിഐ വെളിപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com