അബ്ദുള്ളക്കുട്ടിയുടെ കാറിൽ ലോറി ഇടിച്ച സംഭവം : പൊലീസ് കേസെടുത്തു; ഹോട്ടലിൽ കയ്യേറ്റം ചെയ്തെന്ന പരാതിയിലും കേസ്

മലപ്പുറം വേങ്ങര സ്വദേശി സുസൈലിനെതിരെയാണ് വാഹനാപകടത്തിന് കേസെടുത്തത്
അബ്ദുള്ളക്കുട്ടിയുടെ കാറിൽ ലോറി ഇടിച്ച സംഭവം : പൊലീസ് കേസെടുത്തു; ഹോട്ടലിൽ കയ്യേറ്റം ചെയ്തെന്ന പരാതിയിലും കേസ്

മലപ്പുറം: ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ നേർക്കുണ്ടായ ആക്രമണത്തിൽ ലോറി ഡ്രൈവർക്കെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തു. മലപ്പുറം വേങ്ങര സ്വദേശി സുസൈലിനെതിരെയാണ് വാഹനാപകടത്തിന് കേസെടുത്തത്.  മലപ്പുറം സ്വദേശി ശബാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. പൊതുമരാമത്ത് ജോലികൾക്കായി സാധനങ്ങൾ കൊണ്ടു പോകുന്ന കരാർ ലോറിയാണ് അബ്ദുള്ളക്കുട്ടിയുടെ വാഹനത്തെ ഇടിച്ചത്. അപകടത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ ഇല്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

അതേസമയം ഹോട്ടലിൽ വെച്ച് അബ്‌ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ പൊന്നാനി പൊലീസും കേസ് രജിസ്റ്റർ ചെയ്തു. യുവമോർച്ച പ്രവർത്തകൻ അരുണിന്റെ പരാതിയിൽ ആണ് കേസ് എടുത്തിരിക്കുന്നത്. അബ്ദുള്ളക്കുട്ടിയെ ഭീഷണിപ്പെടുത്തി, തടഞ്ഞു നിർത്തി, വാഹനത്തിന് നേരെ കല്ലെറിഞ്ഞു എന്നീ പരാതിയിലാണ് കേസ്. ഹോട്ടലിൽ ഫോട്ടോ എടുത്തത്തിന്റെ പേരിൽ തർക്കം ഉണ്ടായതായും ഒരു സംഘം ഭീഷണിപ്പെടുത്തിയതായും വാഹനത്തിന് നേരെ ഒരാൾ കല്ലെറിഞ്ഞെന്നുമാണ് പരാതി.

കാറിൽ ലോറി ഇടിച്ച സംഭവം നടക്കുന്നതിന് 45 മിനുട്ട് മുമ്പാണ് പൊന്നാനിയിലെ ഹോട്ടലിൽ വെച്ച് ഒരു സംഘം തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നും സംഭവത്തിന് അതുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ, മലപ്പുറം രണ്ടത്താണിയിൽ വച്ചാണ് അബ്ദുള്ളക്കുട്ടിയുടെ കാറിൽ ലോറി ഇടിച്ചത്. കയറ്റത്തിൽ വെച്ച് ടോറസ് ലോറി രണ്ട് തവണ തൻ്റെ വാഹനത്തിൽ ഇടിച്ചതായും, ആക്രമണം ആസൂത്രിതമെന്ന് സംശയിക്കുന്നതായും അബ്ദുള്ളക്കുട്ടി ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com